- ആർ.എസ്.എസിനോടും ബി.ജെ.പിയോടുമുള്ള എല്ലാ അയിത്തവും കേരളത്തിൽ അവസാനിച്ചതായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഭാവമാണ് തന്നെ ബി.ജെ.പിയിൽ എത്തിച്ചതെന്നും മൂന്നാഴ്ചത്തെ ആലോചനയുടെ പുറത്താണ് ഇത്തരമൊരു തീരുമാനമെന്നും മുൻ ഡി.ജി.പി ആർ ശ്രീലേഖ. തിരുവനന്തപുരം ഈശ്വര വിലാസത്തുള്ള വീട്ടിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ കൂടിയായ ആർ ശ്രീലേഖ.
താൻ മുപ്പത്തി മൂന്നര വർഷം നിഷ്പക്ഷയായ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ പ്രവർത്തിച്ചു. വിരമിച്ചതിന് ശേഷം പലതും മാറി നിന്ന് കണ്ടു. അതിനു ശേഷം അനുഭവത്തിന്റേയും അറിവിന്റേയും അടിസ്ഥാനത്തിൽ ജനങ്ങളെ സേവിക്കാൻ ഇതാണ് നല്ലതെന്ന് തോന്നി. ആദർശങ്ങളോട് വിശ്വാസമുള്ളതുകൊണ്ട് കൂടെ നിൽക്കുന്നു. തൽക്കാലം അംഗം മാത്രമാണെന്നും ബാക്കി കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കാമെന്നും ബി.ജെ.പിക്കൊപ്പം നിൽക്കുന്നുവെന്നത് വലിയ സന്ദേശമാണെന്നും അവർ പ്രതികരിച്ചു.
എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചോദിച്ചപ്പോൾ അവർ പ്രതികരിച്ചില്ല. സംസാരിക്കാൻ താൽപ്പര്യമില്ലാത്ത വിഷയമാണത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവസരം ലഭിക്കുന്നതിനെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും ഇന്ന് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാമെന്നും അവർ ചോദ്യങ്ങളോടായി പ്രതികരിച്ചു. നടൻ ദിലീപ് വിഷയത്തിൽ താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും ആവർത്തിച്ചു.
രണ്ടു വർഷം മുമ്പാണ് ശ്രീലേഖ സർവീസിൽ നിന്ന് വിരമിച്ചത്. പിന്നീട് സ്വന്തം വ്‌ളോഗിലൂടെ പല നിലപാടുകളും അവർ തുറന്നു പറഞ്ഞിരുന്നു. ചിലതെല്ലാം വിവാദമായിരുന്നു.
നവരാത്രി കാലത്ത് ഒരു ധീരവനിതയെ ഭാരതീയ ജനതാ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാൻ സാധിച്ചത് അഭിമാനമാണെന്ന് അംഗത്വം നല്കി കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷങ്ങളിൽ പ്രധാനമന്ത്രി രാജ്യത്തുണ്ടാക്കിയ അത്ഭുതകരമായ മാറ്റങ്ങളിൽ വളരെയധികം താത്പര്യമുള്ളതുകൊണ്ടാണ് അവർ പാർട്ടിയിലെത്തിയതെന്ന് തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
ആർ.എസ്.എസിനോടും ബി.ജെ.പിയോടുമുള്ള എല്ലാ അയിത്തവും കേരളത്തിൽ അവസാനിച്ചിരിക്കുന്നു. ഇടതുപക്ഷവും വലതുപക്ഷവും ഒരു ‘അൺടച്ചബിൾ’ പാർട്ടിയായി ബി.ജെ.പിയെ മാറ്റിനിർത്താൻ കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലം ശ്രമിച്ചു. ഞങ്ങളാ മതിൽക്കെട്ടുകൾ പൊളിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കാനും കൂടെ നിർത്താനും കഴിയുന്ന പാർട്ടിയായിയ മാറിയെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.