മുള്‍ത്താന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിനം തന്നെ മൂന്ന് അപൂര്‍വ്വ നേട്ടങ്ങള്‍ നേടി ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ട്. അലിസ്റ്റര്‍ കുക്കിനെ പിന്തള്ളി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലീഷ് ബാറ്റര്‍ എന്ന നേട്ടമാണ് കുക്ക് സ്വന്താക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടവും ജോ റൂട്ട് തന്റെ അക്കൗണ്ടിലാക്കി. മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, മഹേള ജയവര്‍ധന, യൂനിസ് ഖാന്‍ എന്നിവരെ മറികടന്ന് 35 ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ആറാമത്തെ ബാറ്ററായും റൂട്ട് മാറി.
മത്സരം തുടങ്ങുന്നതിന് മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ലിലെത്താന്‍ 27 റണ്‍സായിരുന്നു റൂട്ടിന് വേണ്ടിയിരുന്നത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ തന്നെ താരം ഈ ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷാനെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമത്. 3904 റണ്‍സാണ് സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുണ്ട് ജോ റൂട്ട്. രാഹുല്‍ ദ്രാവിഡ്, ജാക്ക് കാലിസ്, റിക്കി പോണ്ടിങ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് റൂട്ടിന്റെ മുന്നിലുള്ളത്.
മത്സരത്തില്‍ ജോ റൂട്ട് സെഞ്ച്വറിയും നേടി. 271 പന്തില്‍ 12 ഫോറുകളടക്കം 172 റണ്‍സ് നേടി റൂട്ട് പുറത്താകാതെ ക്രീസിലുണ്ട്. സെഞ്ച്വറി നേടി ഹാരി ബ്രൂക്കും മികച്ച പിന്തുണയുമായി ക്രീസിലുണ്ട്. 165 പന്തില്‍ 138 റണ്‍സാണ് ബ്രൂക്ക് നേടിയത്. ഇംഗ്ലീഷ് നിരയില്‍ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ ഒലി പോപ്പ് മാത്രമാണ് നിരാശപ്പെടുത്തിയത്. സാക്ക് ക്രാളി 78 റണ്‍സും ബെന്‍ ഡക്കറ്റ് 84 റണ്‍സും നേടി. ബാറ്റിങ് അനുകൂലമായ പിച്ചില്‍ പാകിസ്താനും പത്ത് വിക്കറ്റ് നഷ്ടത്തില്‍ 556 റണ്‍സ് നേടിയിരുന്നു.നിലവില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സ് റണ്‍സെടുത്തിട്ടുണ്ട്.