തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരേ ഉയർന്ന വിവിധ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണം മോഷണം പോയി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ മാലയാണ് മോഷണം പോയത്. സംഭവത്തിൽ കന്റോൺന്മെന്റ് പോലീസിൽ പരാതി നൽകിയതായി അരിതാ ബാബു പ്രതികരിച്ചു.
പ്രതിഷേധത്തിനിടെ പോലീസ് പല പ്രാവശ്യമായി ഉപയോഗിച്ച ജലപീരങ്കിയേറ്റ് അരിത ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അരിതയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. ഇവിടെ നിന്ന് ഡോക്ടർമാർ സി.ടി സ്‌കാൻ ചെയ്യാൻ നിർദേശിച്ചിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയുമാണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിലായിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് പ്രതികരിച്ചു.