തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിനെതിരേ രൂക്ഷ വിമർശവുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. പിണറായി സർക്കാറിനെതിരേയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾക്കു ശേഷം ആദ്യമായി നിയമസഭയിലെത്തിയ അൻവർ, പ്രവേശന കവാടത്തിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്പീക്കർക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർത്തിയത്.
സ്പീക്കർ ഒരു സഭയിൽ ചെയ്യേണ്ട പണിയല്ല ഇപ്പോൾ ചെയ്യുന്നത്, പി.ആർ ഏജൻസിയുടെ പണിയാണെന്ന് അൻവർ വിമർശിച്ചു. പാർട്ടിക്കു വേണ്ടിയും വിവിധ കമ്പനികൾക്കു വേണ്ടിയുമെല്ലാം ആളുകൾ പി.ആർ പണി എടുക്കാറുണ്ട്. അതേ പോലെ പാർട്ടിക്കു വേണ്ടിയുള്ള പി.ആർ പണിയാണിപ്പോൾ സ്പീക്കർ ചെയ്യുന്നത്. ഇപ്പോൾ കവലച്ചട്ടമ്പിയുടെ ജോലിയാണ് സ്പീക്കർ ചെയ്യുന്നത്. ഈ നിലവാരം അംഗീകരിക്കില്ലെന്നും ഇത് സ്പീക്കർ പദവിക്ക് അപമാനമാണെന്നും അൻവർ തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കിടപിടിക്കുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. ഇതിന് കൈയടിക്കാൻ ചിലരുണ്ട്. ഇത് മുങ്ങാൻ പോകുന്ന കപ്പലാണെന്നും മുങ്ങുമ്പോൾ കപ്പിത്താനും കുടുംബവും രക്ഷപ്പെടുന്ന ആർ.എസ്.എസ് ബാന്ധവമാണ് നിലവിലുള്ളതെന്നും അൻവർ ആരോപിച്ചു.
പിണറായി വിജയൻ അഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കാലം പോലീസിൽനിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായി. അതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഞാൻ പോയി കണ്ടത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. എന്നാൽ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ല. ഡി.ജി.പി ഈ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന നിലപാടുള്ള ആളാണ്. എന്നാൽ, അതിന് താഴെയുള്ള ഉദ്യോഗസ്ഥർ എ.ഡി.ജി.പിയുടെ ആളുകളാണെന്നും അതിനാൽ അന്വേഷണം ഏതു ദിശയിലായിരിക്കുമെന്നതിൽ സംശയമുണ്ടെന്നും പറഞ്ഞു.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കോടതിയെ സമീപിച്ചാൽ, അന്വേഷണം നടക്കുന്നതിനാൽ അതു കഴിയട്ടെ എന്നാകും കോടതി പറയുക. സ്വർണക്കള്ളക്കടത്തിൽ 150 ഓളം കേസുകൾ കരിപ്പൂരിൽ ബുക്ക് ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. ഈ പറഞ്ഞ യാത്രക്കാരിൽ 10-15 പേരെയെങ്കിലും വിളിച്ച് ചോദിച്ചാൽ ആരാണ് സ്വർണം നല്കിയത്? ആർക്ക് കൊടുത്തു എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചിട്ടില്ല. സ്വർണക്കടത്തിൽ അന്വേഷണം സത്യസന്ധമല്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവർണറെ ധരിപ്പിച്ച്, റിട്ട് പെറ്റീഷൻ രാജ്ഭവനിൽനിന്നും ഹൈക്കോടതിയിൽ നല്കിയാൽ കോടതി കൂടുതൽ ഗൗരവത്തോടെ കണ്ടേക്കും. ഗവർണർക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ദേശീയ പാത നിർമാണത്തിൽ വ്യാപകമായ അഴിമതിയുണ്ടെന്നും അൻവർ വ്യക്തമാക്കി.
ഇപ്പോൾ എ.ഡി.ജി.പി അജിത് കുമാറിനെ കസേരയിൽനിന്നും മാറ്റിയത് പൂരം കലക്കലുമായി ബന്ധപ്പെട്ട റിപോർട്ടിലാണ്. പൂരം കലക്കലിൽ അജിത് കുമാറിന്റെ ഇടപെടലിന്റെ ഗ്രാവിറ്റി ഡി.ജി.പി റിപോർട്ടിലുണ്ട്. എ.ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്യത്തക്ക രീതിയിലുള്ള നടപടി വേണമെന്നാണ് റിപോർട്ടിലുള്ളത്. എന്നാൽ, ആ റിപോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണ്. റിപോർട്ട് പിൻവലിക്കാൻ ഡി.ജി.പിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെങ്കിലും അദ്ദേഹം ഇതുവരെയും വഴങ്ങിയിട്ടില്ല.
ഡി.എം.കെ ഷാൾ അണിഞ്ഞ് ചുവന്ന തോർത്തുമായി സഭയിലേക്ക് പുറപ്പെട്ട അൻവർ ഈ തോർത്ത് രക്തസാക്ഷികളുടെ പ്രതീകമാണെന്നും എന്നാൽ, ഇതിന് ഇന്ന് ഒരു വിലയും ഇല്ലാതാക്കി കമ്മ്യൂണിസ്റ്റുകൾ കുപ്പത്തൊട്ടിയിൽ വലിച്ചെറിയുകയാണെന്നും പ്രതികരിച്ചു. ഇന്നും പട്ടിണികിടന്ന് സമരം ചെയ്യുന്നവർ പാർട്ടിയിലുണ്ട്. പക്ഷേ, അവരുടെ മറവിൽ എന്തെല്ലാമാണിവിടെ സർക്കാർ കാണിച്ചുകൂട്ടുന്നതെന്നും അൻവർ ചോദിച്ചു.
സഭയിലേക്ക് പ്രവേശിച്ചപ്പോൾ അൻവറിനെ മുൻ മന്ത്രിയും ലീഗ് നേതാവുമായ മഞ്ഞളാംകുഴി അലി എഴുനേറ്റുനിന്ന് അഭിവാദ്യം ചെയ്തു. ഒന്നാം നില വരേ അൻവർ എത്തിയത് കെ.ടി ജലീലിന് ഒപ്പമായിരുന്നു. ലീഗ് എം.എൽ.എമാരായ പി ഉബൈദുല്ലയും നജീബ് കാന്തപുരവും അൻവറുമായി ഹസ്തദാനം നടത്തി. അൻവർ സഭയിലെത്തിയപ്പോൾ ഡസ്‌കിൽ അടിച്ച് ചാണ്ടി ഉമ്മൻ സന്തോഷം പ്രകടിപ്പിച്ചു. അൻവർ ആവശ്യപ്പെട്ടതനുസരിച്ച് സഭയിൽ പ്രത്യേക ഇരിപ്പിടമാണ് അദ്ദേഹത്തിന് സ്പീക്കർ അനുവദിച്ചത്. നാലാം നിരയിൽ ലീഗ് എം.എൽ.എമാർക്ക് അടുത്താണ് അൻവറിന്റെ പുതിയ സീറ്റ്. സഭയിലേക്ക് പുറപ്പെടുമ്പോൾ അണിഞ്ഞ ഡി.എം.കെ ഷാൾ സഭയിലേക്ക് എടുത്തിട്ടില്ല. സഭയ്ക്കുള്ളിൽ ചുവന്ന തോർത്താണ് അൻവറിന്റെ കൈവശം കണ്ടത്.