മംഗളുരു: സ്വകാര്യ ബസിന് ‘ഇസ്രായേൽ ട്രാവൽസ്’ എന്ന് പേരിട്ട ഉടമയ്‌ക്കെതിരെ സമൂഹമാധ്യമത്തിൽ വിമർശം രൂക്ഷമായതോടെ പേര് മാറ്റി. ഇതേ തുടർന്ന് ബസ് ഉടന പേര് ‘ജറുസലേം’ എന്നാക്കി മാറ്റുകയായിരുന്നു. കർണാടകയിലെ മംഗളുരുവിലാണ് സംഭവം. മൂഡബിദ്രി കിന്നിഗോളി – കട്ടീൽമുൽക്കി റൂട്ടിലോടുന്ന ബസാണിത്.
ബസിന് ഇസ്രായേൽ എന്ന് പേരിട്ടതോടെ, ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റുകയായിരുന്നു.
കഴിഞ്ഞ 12 വർഷമായി ഇസ്രായേലിൽ ജോലി ചെയ്തുവരികയാണ് ബസിന്റെ ഉടമയായ ലെസ്റ്റർ കട്ടീൽ. തന്റെ അന്നം ഇസ്രായേലാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലാണ് എനിക്ക് ഒരു ജീവിതം നല്കിയത്. പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണത്. ഇസ്രായേലിലെ രീതികൾ എനിക്ക് ഇഷ്ടമാണ്. ആ രാജ്യത്തോടുള്ള ആരാധന കൊണ്ടാണ് ബസിന് ഇസ്രായേൽ ട്രാവൽസ് എന്ന് പേരിട്ടത്. എന്നാൽ സമൂഹമാധ്യമങ്ങളിലെ വിമർശങ്ങൾ ഏറെ വിഷമിപ്പിച്ചതായും ലെസ്റ്റർ പ്രതികരിച്ചു.
എന്നാൽ, ഫലസ്തീനിലെ പിറന്ന മണ്ണിൽ നിരപരാധികളായ പതിനായിരങ്ങളെ ഇഞ്ചിഞ്ചായി കശാപ്പു ചെയ്യുന്ന ഇസ്രായേൽ ഭീകരത തുടരുമ്പോഴും അത്തരം കിരാത മുഖങ്ങളെ തലയിലേറ്റുന്നത് മനുഷ്യമനസ്സാക്ഷിക്കു യോജിച്ചതല്ലെന്നതാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശം. ജന്മനാടിനോടും അന്നം നൽകുന്നവരോടുമെല്ലാം നന്ദി വേണമെന്നും എന്നാൽ, രാഷ്ട്രീയ അഭയം നൽകിയ പച്ച സാധുക്കളെ അധികാരത്തിന്റെ തിണ്ണബലത്തിൽ ഭൂമിയിൽനിന്ന് നിഷ്‌കാസനം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ഇസ്രായേൽ വിമർശകർ ചൂണ്ടിക്കാട്ടുന്നു.