കോഴിക്കോട്: പ്രമുഖ വ്യവസായ ശൃംഖലയായ കോയെൻകോ ഗ്രൂപ്പിന്റെ 70 ശതമാനം ഓഹരികളും മക്കൾ തട്ടിയെടുത്തതായി ഉടമയും മാനേജിങ് ഡയറക്ടറുമായ പി.പി മൊയ്തീൻ കോയ. വിവിധ ജില്ലകളിലായുള്ള 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ തന്റെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഒപ്പിട്ടും വ്യാജ രേഖകൾ ചമച്ചും ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചും തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി മൊയ്തീൻ കോയ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കും എലത്തൂർ പോലീസിനും പരാതി നൽകി.
ഓഹരി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി റജിസ്ട്രാർക്കും പരാതി നൽകിയിട്ടുണ്ട്. പാർക്കിൻസൺസ് രോഗം ബാധിച്ച് തളർന്ന് കിടപ്പിലായ സമയത്താണ് ഓഹരികൾ മക്കൾ തട്ടിയെടുത്തതെന്നാണ് പരാതിയിലുള്ളത്.
പരാതിയുടെ അടിസ്ഥാനത്തിൽ മൊയ്തീൻ കോയയുടെ ഇളയ രണ്ട് മക്കൾ, കമ്പനി സെക്രട്ടറി, സഹായി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി എലത്തൂർ പോലീസ് പ്രതികരിച്ചു.
അതേസമയം, പിതാവ് നേരിട്ട് ആവശ്യപ്പെട്ടാൽ ഓഹരികൾ തിരികെ നൽകാമെന്ന് രണ്ടാമത്തെ മകൻ നൗഷീഖ് മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് ഒപ്പിട്ട് തന്നെയാണ് ഓഹരികൾ രണ്ട് പേരുടെ പേരിലേക്ക് മാറ്റിയതെന്നും നൗഷീഖ് അവകാശപ്പെട്ടു. വെള്ളയിൽ കോനാട് ബീച്ചിലെ വീട്ടിൽ മൂത്ത മകൻ ആഷിഖിന്റെ കൂടെയാണ് പിതാവ് താമസിക്കുന്നതെന്നും അയാളുടെ താൽപര്യങ്ങളാണ് കേസിനും പരാതിക്കും പിന്നിലെന്നുമാണ് രണ്ട് മക്കളൂടെ ആരോപണം. എന്നാൽ. ആരോഗ്യസ്ഥിതി മോഷമായ ഉപ്പയെ ഞാൻ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.