തിരുവനന്തപുരം: നിയമസഭയിലെ സംഘർഷാന്തരീക്ഷത്തിൽ ഭരണകക്ഷിയുടെ വികാരങ്ങൾ നെഞ്ചിലേറ്റി പ്രതിപക്ഷത്തിനു നേരെ കൈ തരിപ്പുമായെത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തിരിച്ചയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിക്ക് സംരക്ഷണമെന്നോണം പ്രതിപക്ഷത്തെ നോട്ടമിട്ട് മന്ത്രി ശിവൻകുട്ടി സീറ്റിൽനിന്ന് എണീറ്റ് പോയത്. സഭയിൽ പ്രതിപക്ഷ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവലെന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്റെ അടുത്ത് നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് കലിപ്പുമായി പ്രതിഷേധക്കാർക്കു നേരെ നീങ്ങാനുള്ള ശിവൻകുട്ടിയുടെ ശ്രമം മുഖ്യമന്ത്രി തടയുകയായിരുന്നു. മുഖ്യമന്ത്രി ചോദ്യത്തര വേളയിലെ തന്റെ പ്രസംഗം തുടരുന്നതിനിടെ ശിവൻകുട്ടിയെ കൈപിടിച്ച് പിറകോട്ട് വലിക്കുകയായിരുന്നു. മുഖ്യമന്ത്രി നൽകിയ സൂചന മനസ്സിലാക്കി ഉടനെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങുകയായിരുന്നു.
പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങുന്ന മന്ത്രിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങൾ സഭാ ടി.വി പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ സമയത്തും പ്രതിപക്ഷം തങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കറുടെ ഡയസിന് മുമ്പിൽ ബാനറുയർത്തി മുദ്രാവാക്യം വിളിയും പ്രതിഷേധവും തുടരുകയായിരുന്നു. വാച്ച് ആൻഡ് വാർഡുമായി പ്രതിപക്ഷ നേതാക്കൾ ഉന്തും തള്ളുമായി. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച മാത്യു കുഴൽനാടൻ അടക്കമുള്ളവരെ തടയുകയുമുണ്ടായി. ഭരണകക്ഷി അംഗങ്ങളാവട്ടെ മുഖ്യമന്ത്രിയുടെ ചുറ്റം കൂട്ടം കൂടി പ്രതിപക്ഷത്തിനെതിരേയും ബഹളം വച്ചു. പ്രതിഷേധം ശക്തമാകുന്നതിനിടെ സ്പീക്കർ സഭ പിരിച്ചുവിടുകയായിരുന്നു. ഇതോടെ, സർക്കാറിനെതിരേയുള്ള പ്രതിപക്ഷ നീക്കങ്ങളുടെ മികച്ച അവസരങ്ങളാണ് ഇല്ലാതായത്.
2015 മാർച്ചിൽ, കെ.എം മാണി സഭയിൽ ബജറ്റ് അവതരിപ്പിക്കവെ വി ശിവൻകുട്ടിയുടെയും മറ്റും നേതൃത്വത്തിൽ ഇടത് സാമാജികർ കേരള സഭക്കുണ്ടാക്കിയ നാണക്കേട് നന്നായി അറിയുന്നതിനാലാവും, അത്തരമൊരു വഴിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനുള്ള മുൻകരുതലെന്നോണം മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞതെന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങൾ.
നക്ഷത്ര ചിഹ്നമിട്ട പ്രതിപക്ഷത്തിന്റെ സുപ്രധാന ചോദ്യങ്ങളോട് നീതിപൂർവമായല്ല സ്പീക്കർ എ.എൻ ഷംസീർ ഇടപെട്ടതെന്നാണ് വിമർശം. എന്നാൽ, പ്രതിപക്ഷം തന്ന പല ചോദ്യങ്ങളും തദ്ദേശീയമാണെന്ന നിലയിൽ നിസ്സാരവത്കരിക്കുകയായിരുന്നു സ്പീക്കർ. സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരേയുള്ള ഗുരുതരമായ ചില ചോദ്യങ്ങളടക്കം സ്പീക്കർ അവഗണിച്ചതാണ് പ്രതിപക്ഷത്തെ കൂടുതൽ ചൊടിപ്പിച്ചത്. ഇത് ജനങ്ങൾ അറിയേണ്ട, സഭയിലെ പ്രതിപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഭരണപക്ഷത്തിന്റെ ഗൂഢനീക്കത്തിനുള്ള പിന്തുണയായാണ് വിലയിരുത്തൽ. കൂടാതെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അതിരൂക്ഷമായ വാഗ്വാദം അരങ്ങേറിയപ്പോൾ, മുഖ്യമന്ത്രിയുടേത് അപ്പടി നൽകുകയും, പ്രതിപക്ഷ നേതാവിന്റേത് സഭാ ടി.വി കട്ട് ചെയ്യുകയും അതിനെതിരേയുള്ള മന്ത്രിമാരുടെ അടക്കമുള്ള അധിക്ഷേപങ്ങൾ ലൈവായി നൽകിയതും ഏകപക്ഷീയമാണെന്ന വിമർശവും ശക്തമായുണ്ട്.
ഇതിലൊന്നും സഭാ നാഥനെന്ന നിലയ്ക്ക് സ്പീക്കർക്ക് സത്യസന്ധവും നീതിപൂർവമായും ഇടപെടാനായില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പ്രതിപക്ഷത്തിന് ലഭിച്ച അവസരം രാഷ്ട്രീയ പക്വതയില്ലാതെ അവർ കളഞ്ഞുകുളിച്ചെന്നാണ് ഭരണകക്ഷിയുടെ ആരോപണം. എന്തായാലും, 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം വരും ദിവസങ്ങളിലും കൂടുതൽ വാഗ്വാദങ്ങളാൽ പ്രക്ഷുബ്ധമാകാൻ തന്നെയാണ് സാധ്യത.