ആലപ്പുഴ : അസഹിഷ്ണുതയുടെ പര്യായമായി മുഖ്യന്ത്രി മാറിയെന്നും സ്പീക്കര്‍ ഒരിക്കലും പക്ഷപാതപരമായി പെരുമാറാന്‍ പാടില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സര്‍ക്കാരുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷനേതാവിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. നിലവാരമില്ലാത്തത് മുഖ്യമന്ത്രിക്കാണ്. കേരളവും നിയമസഭയും ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയും ഇത്ര മോശമായി പ്രതിപക്ഷനേതാവിനെ അധിക്ഷേപിച്ചിട്ടില്ല. മുഖ്യമന്ത്രി കാണിച്ചത് സ്വന്തം നിലവാരമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
എഡിജിപിക്കെതിരായ സര്‍ക്കാര്‍ നടപടി തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്. രോഗത്തിനല്ല ചികിത്സ നല്‍കിയത്. മുഖ്യമന്ത്രി പെരുമാറുന്നതും പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതും ഫാള്‍സ് പ്രസ്റ്റീജ് വെച്ചുകൊണ്ടാണ്. എഡിജിപിക്ക് സ്ഥാനമാറ്റം നല്കി കൊണ്ട് മുഖ്യമന്ത്രി സിപിഐയെ കളിയാക്കുകയായിരുന്നു. എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണോ, അതോ സ്വാഭാവിക നടപടിയാണോയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. എഡിജിപിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് എന്തോ പ്രയാസമുണ്ട്. അതിനാലാണ് പേരിന് നടപടിയെടുത്ത് തടി തപ്പിയത്. എഡിജിപിക്കെതിരായ നടപടി ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ആലപ്പുഴയില്‍ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര പ്രശ്നങ്ങളാണുള്ളത്. ഇതുപോലൊരു വികസന പ്രവര്‍ത്തനം നടത്തുമ്പോള്‍ പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുമായുള്ള ഏകോപനം വേണ്ടതായിരുന്നു. ഇപ്പോള്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖയുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമാണോയെന്ന് പോലും വ്യക്തമല്ല. പ്രദേശവാസികളുടെ പ്രശ്നങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനോ അതിന് പരിഹാരം കാണാനോ കഴിഞ്ഞിട്ടില്ല. കായംകുളം നഗരത്തെ രണ്ടായി വിഭജിക്കുന്നത് ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളാണുള്ളത്. പാതാവികസനം നടക്കുന്ന റോഡിന്റെ ഇരുവശത്തുമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. പത്തു കിലോ മീറ്റര്‍ നീളത്തില്‍ എലിവേറ്റഡ് ഫ്ളൈ ഓവറിന്റെ നിര്‍മ്മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ മേഖലയില്‍ പാതാവികസനം നടത്തിയത് സമാന്തര പാത പോലും ഒരുക്കാതെയാണ്. ആസൂത്രണത്തിലെ പാളിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.