- ഗാനരചയിതാവ് ബാപ്പു വെള്ളിപ്പറമ്പ്, മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ മുൻ പ്രസിഡന്റ് പറക്കാട്ട് ഹംസ എന്നിവർ വേദിയിൽ
മഞ്ചേരി: പിണറായി സർക്കാറിന്റെയും സി.പി.എം നേതൃത്വത്തിന്റെയും തെറ്റായ സമീപനങ്ങൾ തുറന്നുകാട്ടി മുന്നോട്ടു പോകുന്ന നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ നയ വിശദീകരണ സമ്മേളനത്തിന് തുടക്കം.
പ്രതികൂല കാലാവസ്ഥമൂലം യഥാസമയം സമ്മേളനം തുടങ്ങാനായില്ലെങ്കിലും കോരി ചൊരിയുന്ന മഴയെ അവഗണിച്ചാണ് നൂറുകണക്കിന് പ്രവർത്തകർ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിലേക്ക് ഒഴുകിയെത്തിയത്. ഡി.എം.കെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞുമാണ് പല പ്രവർത്തകരും എത്തിയത്. നീലഗിരിയിലുള്ള ഡി.എം.കെ പ്രവർത്തകരും പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. ഇവർക്ക് വഴിക്കടവിൽ അൻവർ അനുകൂലികൾ വരവേൽപ്പ് നൽകി.
ഇൻക്വിലാബ് മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ അൻവറിനെ സ്വീകരിച്ചത്. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനും രചയിതാവുമായ ബാപ്പു വെള്ളിപ്പറമ്പ്, സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും വഴിക്കടവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഇ.എ സുകു, മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ മുൻ പ്രസിഡന്റ് പറക്കാട്ട് ഹംസ എന്നിവരെല്ലാം അൻവറിനൊപ്പം വേദിയിൽ എത്തിയിട്ടുണ്ട്.
അതിനിടെ, സംസ്ഥാനത്തെ ഡി.എം.കെ നേതാക്കളുടെ വീടുകളിൽ പോലീസെത്തിയെന്നാണ് പൊതുസമ്മേളന വേദിയിലേക്ക് വീട്ടിൽനിന്നും ഇറങ്ങുമ്പോൾ അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വർണക്കടത്തിൽ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പോലീസെത്തുന്നത്. ഇങ്ങനെയൊക്കെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്, ആയ്‌ക്കോട്ടെ. ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ പോലീസ് വാഹനങ്ങൾ തടയുകയാണെന്നും ഡി.എം.കെയുടെ തീരുമാനം കാത്തിരുന്നു കാണാമെന്നും അൻവർ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ഡി.എം.കെ സഖ്യം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട്. ‘അത് അപ്പുറം പാക്കലാം അയ്യാ. ഒരു പ്രച്ചനയും ഇരിക്കില്ല. എല്ലാം ശരിതാനെ. മുന്നാടിയാ കോൺഫിഡൻസ് ഇരിക്കെ, ഇപ്പോഴും, നാളേക്കും കോൺഫിഡൻസ് ഇരിക്ക്’ എന്നായിരുന്നു മറുപടി. മുഴുവനായി തമിഴിലേക്ക് മാറിയോ എന്ന ചോദ്യത്തോട് തമിഴ് മട്ടും താ ഇനി പേസും എന്നായിരുന്നു പ്രതികരണം. തമിഴ് ബന്ധം ഉറപ്പിച്ചോ എന്ന ചോദ്യത്തോട് എപ്പോഴെ ഉറപ്പിച്ചു എന്നും എം.എൽ.എ പ്രതികരിച്ചു.
സാമൂഹ്യ കൂട്ടായ്മയായ ഡി.എം.കെയുടെ നയവിശദീകരണം നടക്കുകയാണിപ്പോൾ സമ്മേളന വേദിയിൽ. ശേഷം പി.വി അൻവർ പ്രസംഗിക്കും. അഞ്ച് മണിക്ക് നയവിശദീകരണ സമ്മേളനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ശക്തമായ മഴ കാരണം ഏഴു മണിയോടെയാണ് തുടങ്ങിയത്.