മലപ്പുറം: പിണറായി സർക്കാറിനും സി.പി.എമ്മിനുമെതിരേ കടുത്ത ആരോപണങ്ങളുയർത്തിയ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ പുതിയ സാമൂഹിക കൂട്ടായ്മ (ഡി.എം.കെ) പ്രഖ്യാപനത്തിന് എണ്ണപ്പെട്ട മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പിന്തുണയുമായി എൻ.സി.പി നേതാക്കളും രംഗത്ത്.
മഞ്ചേരിയിൽ ഇന്ന് സാമൂഹിക കൂട്ടായ്മ രൂപീകരണം നടക്കാനിനിരിക്കെ മലപ്പുറം ജില്ലയിലെ എൻ.സി.പിയുടെ പ്രാദേശിക നേതാക്കളാണ് പാർട്ടിയിൽ നിന്നും രാജിവച്ച് പി.വി അൻവറിന് പിന്തുണ പ്രഖ്യാപിച്ചത്. എൻ.സി.പിയുടെ യുവജന വിഭാഗത്തിന്റെ മുൻ ജില്ലാ പ്രസിഡന്റ് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡന്റ്് പുതിയത്ത് ഇഖ്‌ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീൻ ചെറ്റിശ്ശേരി, സജീർ പി.ടി എന്നിവരാണ് രാജിവച്ചത്. ഇന്ന് രൂപീകരിക്കുന്ന അൻവറിന്റെ പുതിയ പകൂട്ടായ്മയിൽ ചേരുമെന്ന് ഇവർ അറിയിച്ചു.
ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നതായിരിക്കും തന്റെ സാമൂഹ്യ കൂട്ടായ്മയുടെ പേരെന്ന് പി.വി അൻവർ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കാതെ സാമൂഹിക കൂട്ടായ്മയായി രംഗത്തുവരാനാണ് നീക്കം. പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയാൽ അൻവറിന് എം.എൽ.എ സ്ഥാനം അടിയന്തരമായി രാജിവെക്കേണ്ടുന്ന സാഹചര്യം ഉണ്ടാകുമെന്നതിനാൽ, അതൊഴിവാക്കാൻ നിയമവിദഗ്ധരുമായി ആലോചിച്ചായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് വിവരം.
പൊതുസമ്മേളനത്തിന് മഞ്ചേരി ജസീല ജംഗ്ഷനിൽ വിപുലമായ അവസാനവട്ട ഒരുക്കങ്ങളാണ് നടക്കുന്നത്. പതിനായിരം പേർക്ക് ഇരിക്കാനായി കസേര ഇട്ടിരിക്കുന്ന വേദിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്.