തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അപ്പടി വിഴുങ്ങാതെ ചോദ്യങ്ങളുമായി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. പി.ആർ ഏജൻസി വിവാദത്തിൽ മുഖ്യമന്ത്രി പാർട്ടിക്ക് നല്കിയ വിശദീകരണം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയിൽ വിശദീകരിച്ചപ്പോഴാണ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പൊളിട്ടിക്കൽ സെക്രട്ടറിയുമായ എം.വി ജയരാജൻ ചോദ്യങ്ങളുയർത്തിയത്.
പി.ആർ ഏജൻസി വിഷയത്തിനുമപ്പുറം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശമുണ്ടാക്കിയ പരുക്കിന്റെ ഉത്തരവാദിത്തം ആർക്കാണെന്നായിരുന്നു എം.വി ജയരാജന്റെ ചോദ്യം? ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി തൃപ്തിയാകാതെ വന്നപ്പോഴാണ് ‘ദ ഹിന്ദു പത്രം ഇതുസംബന്ധിച്ച് നല്കിയ വിശദീകരണം കൂടുതൽ ക്ഷതമണ്ടാക്കയില്ലേ?’ എന്ന് രാജ്യസഭാ മുൻ എം.പി കൂടിയായ കെ ചന്ദ്രൻ പിള്ള ഉന്നയിച്ചത്. ഇരുവരുടെയും നിലപാട് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയെങ്കിലും നിലവിൽ സ്വീകരിച്ച നിലപാടിൽനിന്ന് പിന്നാക്കം പോകാൻ പാർട്ടി തീരുമാനിച്ചിട്ടില്ല.
പി.ആർ ഏജൻസിയുടെ ഖേദപ്രകടനത്തെ അംഗീകരിക്കുമ്പോൾ തന്നെ ഇന്റർവ്യൂവിന് പിന്നിൽ പി.ആർ ഏജൻസിയാണെന്നും അവർ തന്നതാണ് ‘അഭിമുഖത്തിൽ പറയാത്ത’ വിവാദ ഭാഗം കൂട്ടിച്ചേർത്തതെന്നുമുള്ള ദ ഹിന്ദു പത്രത്തിന്റെ വിശദീകരണം പൊതുസമൂഹത്തിൽ സംശയങ്ങളുണ്ടാക്കിയെന്നും അവരുടെ വിശദീകരണം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഭാഗികമായി മാത്രം അംഗീകരിക്കുന്നതിൽ പന്തികേട് കാണുന്നവരെ കുറ്റം പറയാനാവില്ലെന്നുമുള്ള അഭിപ്രായങ്ങളാണ് പാർട്ടിയിൽ പലർക്കുമുള്ളത്. മലപ്പുറം പരാമർശം തിരുകിക്കയറ്റിയത് ദുരുദ്ദേശപരമെന്ന് പറഞ്ഞാൽ കേസെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അത് കൂടുതൽ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ, മുഖ്യമന്ത്രിയും പാർട്ടിയും പ്രതിരോധത്തിലാകുന്ന ഒരു ഘട്ടത്തിൽ പുറത്ത് ഒരുമിച്ച് നിന്നുതന്നെ വിമർശങ്ങളെ നേരിടണമെന്ന വികാരമാണ് നേതൃത്വത്തിൽ പൊതുവെ ഉയർന്നത്.