കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾക്കു പിന്നാലെ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തിൽ പുതിയൊരു സാമൂഹിക കൂട്ടായ്മ പിറവിയെടുക്കുന്നു. അതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച മഞ്ചേരിയിൽ നടക്കും.
ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പേരിലായിരിക്കും പുതിയ കൂട്ടായ്മ പ്രവർത്തിക്കുക. തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) തലവനുമായ എം.കെ സ്റ്റാലിൻ അടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കിയാണ് പുതിയ കൂട്ടായ്മയുടെ പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം.
പുതിയ പാർട്ടിക്ക് എം.എൽ.എ സ്ഥാനം തടസ്സമെങ്കിൽ രാജിവെക്കുമെന്ന് അൻവർ നേരത്തെ വ്യക്തമാക്കിയതാണെങ്കിലും ഇക്കാര്യത്തിലുള്ള സസ്‌പെൻസ് തീർന്നിട്ടില്ല. പുതിയ പാർട്ടി രൂപീകരിക്കുന്ന പക്ഷം, അൻവറിന് എം.എൽ.എ സ്ഥാനത്തു തുടരാൻ അയോഗ്യതയുണ്ടാകുന്നതിനാൽ പ്രസ്തുത സ്ഥാനം ഉടനെ രാജിവെക്കുമോ അതോ സാങ്കേതിക പരുക്കുകൾ ഒഴിവാക്കിയുള്ള കൂട്ടായ്മ തന്ത്രങ്ങളിലൂടെയാണോ പുതിയ പാർട്ടിയുടെ പിറവിയുണ്ടാകുക എന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരും.
ഇടതു സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് എം.എൽ.എയായ അൻവറിന് പുതിയ പാർട്ടി രൂപീകരിച്ച് അതിൽ അംഗമാകാൻ നിയമ തടസ്സമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. നിയമസഭയിലെയും പാർലമെന്റിലെയും അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് ഭരണഘടനയുടെ പത്താം ഷെഡ്യൂൾ അനുസരിച്ച് ‘ഒരാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായല്ലാതെ തെരഞ്ഞെടുക്കപ്പെടുകയും തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാർട്ടിയിൽ ചേരുകയും ചെയ്താൽ അയാൾക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടുമെന്നാണ്’ പറയുന്നത്. ഇതനുസരിച്ച് പുതിയ പാർട്ടി രൂപീകരിച്ച് അതിൽ അംഗമായാൽ പി വി അൻവർ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും.
ഇക്കാര്യം ഏതെങ്കിലുമൊരു എ.എൽ.എക്ക് സ്പീക്കർക്ക് പരാതി നല്കാനാവും. പരാതിയിൽ വിശദീകരണം തേടിയ ശേഷം തൃപ്തികരമല്ലെങ്കിൽ സ്പീക്കർക്ക് അയോഗ്യനാക്കി ഉത്തരവിടാനാകും. അതിനാൽ തന്നെ എം.എൽ.എ പദവിയിൽ തുടർന്നാണോ അതോ പദവിയിൽനിന്ന് രാജിവെച്ചാണോ അതല്ല രാഷ്ട്രീയ പാർട്ടി എന്നതിന് പകരം സാമൂഹിക കൂട്ടായ്മയുണ്ടാക്കിയാണോ അൻവർ ഡി.എം.കെയുമായി ചുവടുറപ്പിക്കുക എന്നാണിനി അറിയേണ്ടത്.
ഞായറാഴ്ച മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് അൻവർ അറിയിച്ചത്. സമ്മേളനം മാറ്റിവെച്ചുവെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും ആരും വഞ്ചിതരാകരുതെന്നും അൻവർ ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി.