കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ കണ്ണൂര്‍ വാരിയേഴ്സ് വിജയകുതിപ്പ് തുടരുന്നു. ഇന്നു നടന്ന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കണ്ണൂര്‍ വാരിയേഴ്സ് പരാജയപ്പെടുത്തിയത്. മല്‍സരത്തില്‍ ആദ്യം ലീഡെടുത്തത് തൃശൂരായിരുന്നു. എന്നാല്‍ വന്‍ തിരിച്ചുവരവ് നടത്തി കണ്ണൂര്‍ മുന്നേറുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.
നാലാം മിനിറ്റില്‍ അര്‍ജുനാണ് തൃശൂര്‍ മാജിക് എഫ്സിക്കായി ആദ്യം ഗോള്‍ നേടിയത്. ആദ്യ അരമണിക്കൂറോളം നേരം തൃശൂര്‍ ലീഡ് നിലനിര്‍ത്തി. എന്നാല്‍ 31ാം മിനിറ്റില്‍ സാര്ദിനെറോയും 43ാം മിനിറ്റില്‍ റിഷാദും രണ്ട് ഗോള്‍ അടിച്ച് കണ്ണൂരിന് ജയം നല്കി.
ആറു മല്‍സരത്തില്‍ നിന്ന് മൂന്നാം ജയം കുറിച്ച കണ്ണൂര്‍ വോറിയേഴ്സ് എഫ്സി മൂന്നു സമനിലകള്‍ കൂടി സഹിതം ആകെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. സീസണിലെ നാലാം തോല്‍വി വഴങ്ങിയ തൃശൂര്‍ മാജിക് എഫ്സി, രണ്ടു പോയിന്റുമായി അവസാന സ്ഥാനത്താണ്.