ഹൈദരബാദ്: പ്രവാചക നിന്ദ നടത്തിയ നരസിംഹാനന്ദിനെതിരെ പരാതി നല്‍കി മുസ്ലിം സംഘടനയായ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ . (എ.ഐ.എം.ഐ.എം) മുഹമ്മദ് നബിക്കെതിരായ നിന്ദപരമായ പരാമര്‍ശത്തിന് പിന്നാലെ ഹിന്ദു പുരോഹിതനെതിരെ ഹൈദരാബാദ് പൊലീസ് കേസ് എടുക്കുകയും ചെയ്തു. രാജ്യത്തെ മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ സിറ്റി പൊലീസ് കേസെടുത്തത്. യതി നരസിംഹാനന്ദിനെതിരെ വെള്ളിയാഴ്ച രാത്രി ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നു.
തപ്പചബുത്രയില്‍, പ്രവാചകന്‍ മുഹമ്മദ് നബിക്കും ഇസ്ലാമിനുമെതിരെ ആവര്‍ത്തിച്ച് മതനിന്ദ പരാമര്‍ശം നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പൊലീസില്‍ പരാതി നല്‍കി റോഡില്‍ പ്രകടനം നടത്തി. ഫലക്നുമ, ഹുസൈനിയലം, മദന്നപേട്ട്, തപ്പചബുത്ര എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് ഒരു യുവാക്കളുടെ സംഘം പുരോഹിതനെതിരെ പരാതി നല്‍കിയത്. ഇത് കൂടാതെയാണ് ഇന്ന് മറ്റൊരു മുസ്ലിം സംഘടനയായ എ.ഐ.എം.ഐ.എം പരാതി നല്‍കിയത്.
സെപ്തംബര്‍ 29 ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ ഹിന്ദി ഭവനില്‍ ദാസന്‍ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ നരസിംഹാനന്ദ് നടത്തിയ പ്രസംഗത്തില്‍ മുഹമ്മദ് നബിയെ നിന്ദിച്ചിരുന്നു. ഇത് വലിയ തോതില്‍ രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിനിടയില്‍ അസ്വസ്ഥത ഉളവാക്കിയിരുന്നു.
എല്ലാ ദസറയിലും നിങ്ങള്‍ക്ക് കോലം കത്തിക്കേണ്ടി വന്നാല്‍ മുഹമ്മദിന്റെ കോലം കത്തിച്ചു കളയുക എന്നായിരുന്നു പുരോഹിതന്‍ നടത്തിയ പരാമര്‍ശം. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഇത് ആദ്യമായല്ല ഇത്തരത്തില്‍ യതി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഇതിന് മുമ്പ് ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇസ്ലാമിനെയും മുഹമ്മദ് നബിയെയും ലക്ഷ്യമിടുന്ന പരാമര്‍ശമാണ് യതി കൂടുതലായി നടത്തിയിട്ടുള്ളത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെതിരെയും യതി പരാമര്‍ശം നടത്തിയിട്ടുണ്ട്.