തിരുവനന്തപുരം: ആകാശവാണി റേഡിയോയിലെ മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം.
ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ച് പതിനായിരക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം പിടിച്ച വാർത്താ അവതാരകനാണ്. ടി.വിയും ഇന്റർനെറ്റുമെല്ലാം വരുന്നതിന് മുമ്പ് വാർത്താ അവതരണത്തിൽ പുത്തൻ ചുവടുകളുമായി റേഡിയോയിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിനായി.
വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് അദ്ദേഹം ആകാശവാണിയിൽ എത്തിയത്. പിന്നീട് ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന തുടക്കത്തോടെ ശ്രോതാക്കൾക്കിടയിൽ അദ്ദേഹം സുപരിചിതനാവുകയായിരുന്നു. ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുകവാർത്തകൾക്കും ഏറെ ശ്രോതാക്കളുണ്ടായിരുന്നു. ആകാശവാണിയിൽനിന്ന് വിരമിച്ചതിനുശേഷം ചില വിഷ്വൽ സ്ഥാപനങ്ങളിൽ കണ്ടതും കേട്ടതും, കൗതുകവാർത്തകൾ തുടങ്ങി വിവിധ പരിപാടികളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ ശ്രോതാക്കളെ ആകർഷിക്കാനും ചിന്തിപ്പിക്കാനും അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് സാധിച്ചിരുന്നു.