കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും.
കുടുംബത്തിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിപ്പട്ടിയകയിൽ മനാഫിന്റെ പേരും ഉൾപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. മനാഫിന്റെ യുട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും മനാഫിനെതിരേ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഒഴിവാക്കൽ നടപടിക്കുള്ള നീക്കം നടക്കുന്നത്. എന്നാൽ, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കാൻ സാധ്യതയുണ്ട്.
പണപ്പിരിവ് നടത്തുന്നുവെന്നും അഭിമാനക്ഷതം ഉണ്ടാക്കുന്നുവെന്നാരോപിച്ചും മനാഫിനെതിരെ കുടുംബം വാർത്താസമ്മേളനത്തിലൂടെ രംഗത്തുവന്നെങ്കിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, കുടുംബത്തിന്റെ ആരോപണത്തിൽ മനാഫ് പ്രതികരിച്ചതോടെ അർജുന്റെ കുടുംബത്തിനെതിരേ നന്ദികേടായെന്ന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശങ്ങൾ ഉയരുകയായിരുന്നു. കൂടാതെ മനാഫ് ഗംഗാവലിപ്പുഴയിൽ കാത്തുകെട്ടി കിടന്നപ്പോൾ അർജുന്റെ ഭാര്യ ജോലിക്കു പോകുന്ന തിരക്കിലായിരുന്നുവെന്നും ഇപ്പോഴത്തെ ആരോപണങ്ങൾക്കു പിന്നിൽ അർജുന്റെ ഭാര്യാ സഹോദരന്റെ കാവി ബന്ധമാണെന്നുവരെ പലരും ആരോപിച്ചു. ശേഷം മനാഫിനെ പിന്തുണച്ചും എതിർത്തും പലവിധത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഇതേപോലെ കുടുംബത്തെ പിന്തുണച്ചും അപക്വമായ രീതിയെ എതിർത്തും വൻ പ്രതികരണങ്ങളുണ്ടായി.
അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമായി നടക്കുകയാണ്. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവർക്കെതിരെയാണു പരാതിയെന്നും കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബറാക്രമണമാണ് കുടുംബം നേരിടുന്നതെന്ന് അർജുന്റെ സഹോദരി ഭർത്താവും പ്രതികരിച്ചു. തുടർന്ന് സെബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചു വരികയാണ് പോലീസ്. എന്നാൽ, ഇതിലൊന്നും മനാഫിനെതിരേ കേസെടുക്കാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ചില യൂട്യൂബർമാർ ഉൾപ്പടെ സമൂഹമാധ്യമത്തിൽ ചേരിതിരിവുണ്ടാക്കാനും മറ്റും ശ്രമിച്ചവർക്കെതിരെ കേസെടുക്കാനും പോലീസ് നടപടി സ്വീകരിച്ചതായാണ് വിവരം.
ഷിരൂരിലെ ഗംഗാവലി പുഴയിൽ ജൂലൈ 16ന് മണ്ണിടിഞ്ഞുവീണ് ലോറിക്കൊപ്പം കാണാതായ അർജു(32)ന്റെ മൃതദേഹം പ്രതികൂല കാലാവസ്ഥയടക്കം തരണം ചെയ്ത്, അത്യാധുനിക സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിൽ 72 ദിവസത്തിനുശേഷമാണ് കണ്ടെടുക്കാനായത്. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ച ശേഷമാണ് കുടുംബം മാനാഫിനും മുങ്ങൽ വിദഗ്ധൻ മാൽപെക്കുമെതിരേ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്നാണ് ഇരു ചേരികളിലായി നിന്ന് വൻ സൈബർ ആക്രമണങ്ങൾ അരങ്ങേറിയത്.