കൊച്ചി: സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളിലെ തെരഞ്ഞെടുപ്പ് വിജയാരവങ്ങൾക്കിടയിൽ വ്യത്യസ്തമാർന്നൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.
കളമശ്ശേരി വിമൺസ് പോളിടെക്‌നിക് കോളജിന്റെ പുതിയ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു സ്ഥാനാർത്ഥി വൈഗയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് ആലുവ-എറണാകുളം റൂട്ടിലെ ബസ് ഡ്രൈവറായ വൈഗയുടെ അച്ഛൻ ജിനുനാഥ് അതുവഴി വരുന്നത്.
ഉടനെ ബസ് നിർത്തി മകൾക്ക് കൈ കൊടുത്ത് അഭിനന്ദിക്കുന്നതാണ് രംഗം. മൂന്നര പതിറ്റാണ്ടു കാലത്തെ എസ്.എഫ്.ഐയുടെ ആധിപത്യം തകർത്താണ് വൈഗയുടെ നേതൃത്വത്തിലുള്ള ടീം കെ.എസ്.യു അവിടെ വെന്നിക്കൊടി പാറിച്ചത്.
മനോഹരമായ ഈ നിമിഷം മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തൊട്ട് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഒട്ടേറെ നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഒരു അച്ഛനും മകളും തമ്മിലുള്ള വൈകാരികവും ഹൃദ്യവുമായ ഈ ദൃശ്യത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി വൻ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
കോൺഗ്രസിന്റെ പല നേതാക്കളും പങ്കുവെച്ച എഫ്.ബി പോസ്റ്റ് ഇങ്ങനെ:
ഇത് വൈഗ.
കളമശ്ശേരി വിമൻസ് പോളിടെക്‌നിക്കിന്റെ പുതിയ ചെയർപേഴ്‌സൺ. ബസിന്റെ ഡ്രൈവർ വൈഗയുടെ അച്ഛൻ ജിനുനാഥ്.
പതിറ്റാണ്ടുകളുടെ
എസ്.എഫ്.ഐ ആധിപത്യം തകർത്ത് കെ.എസ്.യു പതാക ഉറപ്പിച്ച ശേഷം വിജയാഹ്ലാദ പ്രകടനത്തിനിടെ റോഡിൽ വച്ചാണ് വൈഗ അച്ഛനെ കണ്ടത്.
വൈഗയ്ക്ക് അച്ഛന്റെ അഭിനന്ദനം. മനോഹരമായ ചിത്രവും കഴ്ചയും.
വിജയികൾക്കെല്ലാം അഭിനന്ദനം.
അഭിമാനമാണ് ksu