മലപ്പുറം: ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിൽ പി.വി അൻവർ എം.എൽ.എക്കെതിരെ വീണ്ടും പോലീസ് കേസെടുത്തു. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിൽ മഞ്ചേരി പോലീസ് ആണ് എഫ്.ഐആർ രജിസ്റ്റർ ചെയ്തത്.
അരീക്കോട് ക്യാമ്പിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനും മലപ്പുറം എസ്.പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. അൻവറിന്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്റ്റ്, ഐ.ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തനിക്കെതിരെ നൂറ് കേസെങ്കിലും വരുമായിരിക്കാം എന്നാണ് അൻവർ ഇതോട് പ്രതികരിച്ചത്. കേസെടുത്തും അധികാരത്തിന്റെ തിണ്ണബലം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും തീവ്രവാദ ചാപ്പ കുത്തിയും തന്നെ നിശ്ബദനാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമായിരിക്കുമെന്നും എല്ലാം അതിന്റേതായ നിയമവഴിയിൽ തന്നെ നേരിടുമെന്നും അൻവർ പ്രതികരിച്ചു.