എടവണ്ണ: പൗര പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനും രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് ജേതാവുമായ മദാരി മൊയ്തീൻ ( 83 ) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു മാസങ്ങളായി സജീവമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്ന് വിശ്രമത്തിലായിരുന്നു
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള 2003 ലെ രാജീവ് ഗാന്ധി സദ്ഭാവനാ അവാർഡ് ലഭിച്ചിട്ടുണ്ട്. ദേശീയോത്ഗ്രഥന സമിതി അംഗവുമായിരുന്നു.
സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ നെഹ്‌റുവിൽനിന്ന് നേരിട്ട് റോസാപ്പൂ കിട്ടാൻ അവസരം ലഭിച്ചതിനാൽ ജീവിതത്തിലുടനീളം നെഹ്‌റുവിനെ അനുകരിച്ചു ഷർട്ടിൽ റോസാപ്പൂ ചൂടിയിരുന്ന മൊയ്തീൻ എടവണ്ണയിലെ കുട്ടികൾക്ക് റോസാപ്പൂ ഇക്ക എന്നറിയപ്പെട്ടിരുന്നു.
എടവണ്ണ ഗവർമെന്റ് ആശുപത്രി ജീവനക്കാരനായിരുന്നു. വിരമിച്ച ശേഷവും ആശുപത്രിയിലെ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ മറിയുമ്മ എരഞ്ഞിക്കൽ, മക്കൾ: ബേനസീറ , നുസ്‌റത്ത് , മരുമക്കൾ: മുസ്തഫ കരുവാരകുണ്ട് (ദമ്മാം ), സാബു മഞ്ചേരി. സഹോദരങ്ങൾ: പരേതരായ ആസ്യ, സുലൈമാൻ, ഇബ്രാഹിം, അബ്ദുള്ള കോയ، അബ്ദുൽ കരീം, അബ്ദുൽ സലാം , മുഹമ്മദ് മുസദ്ദിഖ് .