ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില. ജയിക്കേണ്ട മല്‍സരം സമനിലയും വഴങ്ങി പിരിയാഞ്ഞായിരുന്നു കൊമ്പന്‍മാരുടെ യോഗം. ഒഡീഷ എഫ്സിയോടു മഞ്ഞപ്പട 2-2ന്റെ സമനില സമ്മതിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ എവേ മല്‍സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന് ജയം നേടാന്‍ ആയില്ല. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ ആദ്യത്തെ 21 മിനിറ്റിനുള്ളില്‍ 2-0ന്റെ മികച്ച ലീഡ് ബ്ലാസ്‌റ്റേഴ്‌സ് നേടിയിരുന്നു. നോവ സദോയ് (18ാം മിനിറ്റ്), ജീസസ് ജിമനെസ് (21) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്‌കോര്‍ ചെയ്തത്. 29ാം മിനിറ്റില്‍ അലെക്സാണ്ടര്‍ കോഫിന്റെ സെല്‍ഫ് ഗോളില്‍ സമനില പിടിച്ചെടുത്ത ഒഡീഷ 36ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയിലൂടെ സമനിലയും പിടിച്ചുവാങ്ങുകയായിരുന്നു.
കളി തുടങ്ങി ആദ്യ വിസില്‍ മുതല്‍ വലിയ ആത്മവിശ്വാസത്തോടെ അറ്റാക്കിങ് ഫുട്ബോളാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. കളിയില്‍ ആദ്യം ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കിയതും മഞ്ഞപ്പട തന്നെയാണ്. കോര്‍ണറുകള്‍ വഴങ്ങിയാണ് ഒഡീഷ ഇവയെ പ്രതിരോധിച്ചു നിന്നത്. ആദ്യത്തെ 15 മിനിറ്റില്‍ തന്നെ മൂന്നു കോര്‍ണര്‍ കിക്കുകളാണ് ബ്ലാസ്റ്റേഴ്സിനു ലഭിച്ചത്.
ഒടുവില്‍ 18ാം മിനിറ്റില്‍ മൊറോക്കന്‍ താരം നോവ സദോയിയിലൂടെ ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. കെപി രാഹുല്‍ നല്‍കിയ പാസ് പിടിച്ചെടുത്തത് ബോക്സിന്റെ സെന്ററില്‍ നിന്നും ജിമനെസ് ഇടതു ഭാഗത്തേക്കു നല്‍കിയ ബോള്‍ കുതിച്ചെത്തിയ സദോയ് മനോഹരമായ ഷോട്ടിലൂടെ വലയിലേക്കു ഷോട്ടുതിര്‍ക്കുകയായിരുന്നു. മൂന്നു മിനിറ്റിനുള്ളില്‍ തന്നെ രണ്ടാം തവണയും ഒഡീഷയുടെ വലയില്‍ പന്തെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ആദ്യ ഗോളിനു വഴിയൊരുക്കിയ ജിമനെസ്- സദോയ് ജോടി തന്നെയാണ് രണ്ടാം ഗോളിനു വഴിയൊരുക്കിയത്.ഇടതു വിങിലൂടെ പന്തുമായി കുതിച്ചെത്തിയ ശേഷം ബോക്സിനകത്തേക്കു ജിമനെസിനു സദോയ് പാസ് നല്‍കുകയായിരുന്നു.
മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജിമനെസ് പന്ത് സ്റ്റോപ്പ് ചെയ്ത ശേഷം കിടിലനൊരു ഷോട്ടിലൂടെ ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ വലയുടെ മേല്‍ക്കൂരയിലേക്കു ഷോട്ട് അടിച്ചുകയറ്റി (2-0). ആദ്യത്തെ 20 മിനിറ്റില്‍ ചിത്രത്തില്‍ ബ്ലാസ്റ്റേഴ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. അത്ര മാത്രം ആധിപത്യമാണ് കളിക്കളത്തില്‍ മഞ്ഞപ്പട പുലര്‍ത്തിയത്. ഇനിയും കൂടുതല്‍ ഗോളുകള്‍ ടീം നേടുമെന്ന പ്രതീതിയുണ്ടാക്കാനും അവര്‍ക്കു കഴിഞ്ഞു.
മല്‍സരഗതിക്കു വിപരീതമായി 29ാം മിനിറ്റില്‍ അലെക്സാണ്ടര്‍ കോഫിന്റെ സെല്‍ഫ് ഗോളിലൂടെ ഒഡീഷ ആദ്യത്തെ ഗോള്‍ തിരിച്ചടിച്ചു. ഇടതു വിങില്‍ നിന്നുള്ള കോര്‍ണര്‍ കിക്കിനൊടുവില്‍ അഹമ്മദ് ജാഹുവിന്റെ ഷോട്ട് കൈപ്പിടിയിലൊതുക്കാന്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിനായില്ല.അദ്ദേഹത്തിന്റെ കൈകളില്‍ തട്ടിയുയര്‍ന്ന ബോള്‍ കോഫിന്റെ ദേഹത്തു തട്ടിയ ശേഷം സ്വന്തം വലയില്‍ കയറുകയായിരുന്നു. ഇതിനിടെ ബ്ലാസ്റ്റേഴ്സ് താരം ബോള്‍ പുറത്തേക്കടിച്ചു ക്ലിയര്‍ ചെയ്തെങ്കിലും അപ്പോഴേക്കും അതു ഗോള്‍വര കടക്കുകയും ചെയ്തിരുന്നു. ഇതോ െറഫറി ഗോള്‍ വിളിക്കുകയും ചെയ്യുകയായിരുന്നു.
ആദ്യ ഗോള്‍ മടക്കിയതോടെ ഒഡീഷ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിയിലേക്കു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബ്ലാസ്റ്റേഴ്സാവട്ടെ നേരത്തേ പുറത്തെടുത്ത അറ്റാക്കിങ് ഗെയിമില്‍ നിന്നും പിന്നോട്ട് പോയി. ഇത് മുതലാക്കിയ ഒഡീഷ മികച്ച മുന്നേറ്റം കാഴ്ചവച്ചു. 36ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയുടെ വകയായിരുന്നു ഒഡീഷയുടെ സമനില ഗോള്‍. വലതു വിങിലൂടെ ഓടിക്കയറി സഹതാരവുമായി വണ്‍ടച്ച് പാസ് കളിച്ച ശേഷം ബോക്സിനകത്തു വച്ച് മൊറീഷ്യോ വലയിലേക്കു ബോള്‍ പ്ലേസ് ചെയ്തപ്പോള്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് നിസ്സഹായനായിരുന്നു.
രണ്ടാംപകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. വിജയഗോളിനായി ഇരുടീമുകളും ഇഞ്ചോടിഞ്ച് തന്നെ പൊരുതി. 56ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കഷ്ടിച്ചാണ് ലീഡ് വഴങ്ങുന്നതില്‍ നിന്നും രക്ഷപ്പെട്ടത്. ഇസാക്കാണ് ടീമിന്റെ മൂന്നാം ഗോള്‍ കുറിക്കാനുള്ള അവസരം പാഴാക്കിയത്.
റോയ് കൃഷ്ണയുടെ അപകടകരമായ ക്രോസ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ബ്ലോക്ക് ചെയ്തിട്ടു. ഇതു നേരത്തേ ഇസാക്കിന്റെ കാലിലേക്കാണ് വന്നത്. പക്ഷെ ഒഴിഞ്ഞ വലയിലേക്കു ഷോട്ടുതിര്‍ക്കാന്‍ അദ്ദേഹത്തിനായില്ല. ക്രോസ് ബാറിനു മുകളിലൂടെ ഇസാക്ക് പന്ത് പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തുകയായിരുന്നു.ലീഗില്‍ ബ്ലാസ്‌റ്റേഴസ് നാലാം സ്ഥാനത്താണുള്ളത്.