തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അന്വേഷണ റിപോർട്ട് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി സി.പി.ഐയോട് ആവശ്യപ്പെട്ടെങ്കിലും എ.ഡി.ജി.പിയെ മാറ്റാതെ പറ്റില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പിയെ ചുമതലയിൽ നിന്ന് നീക്കണമെന്ന നിലപാടാണ് സി.പി.ഐ അറിയിച്ചത്. ആർ.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽ.ഡി.എഫ് ഭരിക്കുന്ന സർക്കാരിൽ എ.ഡി.ജി.പി ആകാൻ പാടില്ലെന്നും ബിനോയ് വിശ്വം ആവർത്തിച്ചു.
എ.ഡി.ജി.പിയെ തുടക്കം മുതലേ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയോട് ഇന്നും മാധ്യമങ്ങൾ പ്രശ്‌നം ആവർത്തിച്ചാവർത്തിച്ച് ചോദിച്ചിരുന്നു. ‘ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചർച്ച നടത്തിയതിൽ താങ്കളുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന്’ ചോദിച്ചപ്പോൾ അതിനാണല്ലോ അന്വേഷണ റിപോർട്ട് കാത്തിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
‘എ.ഡി.ജിപിക്കെതിരേ മുഖ്യമന്ത്രിക്ക് ഡി.ജി.പി തന്ന കുറിപ്പ് മാത്രം പോരേ’ അന്വേഷണ വിധേയമായി മാറ്റിനിർത്താൻ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോഴും അത് പോരെന്ന നിലയിൽ അന്വേഷണ റിപോർട്ട് വരട്ടേ എന്ന ന്യായീകരണമാണ് പിണറായി വിജയനിൽ നിന്നുണ്ടായത്. മുഖ്യമന്ത്രിയുടെ പരിധിവിട്ട ഈ സംരക്ഷണത്തിൽ പാർട്ടിക്കകത്തും പുറത്തുമെല്ലാം അഭിപ്രായ വ്യത്യാസമുള്ളവർ ഏറെയുണ്ടെങ്കിലും പരസ്യമായി രംഗത്തുവരുന്നില്ല എന്നതാണ് സത്യം. പാർട്ടി നേതൃത്വത്തിനാവട്ടെ മുഖ്യമന്ത്രിയെ തിരുത്താനാവാത്തത് വലിയ ചോദ്യമായി അവശേഷിക്കുന്നുതാനും.