തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശശി നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് വക്കീൽ നോട്ടീസയച്ചു. അൻവർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ് അയച്ചത്.
ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതു സമ്മേളനങ്ങളിലും വാർത്താസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതികളിലും ഖേദം പ്രകടിപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
അൻവർ പാർട്ടി സെക്രട്ടറിക്കു നൽകിയ 13 പേജുള്ള പരാതിയിൽ പറയുന്ന ചില കാര്യങ്ങൾ ഇങ്ങനെ:
മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതികളുമായെത്തുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ വാങ്ങിവയ്ക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കോളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും എനിക്കറിയാം.
തല്ക്കാലം പൊളിറ്റിക്കൽ് സെക്രട്ടറിയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാൽ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് എനിക്കുറപ്പാണ്. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് ഞാൻ പാർട്ടിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. ആയതിനാൽ മേൽ കാര്യത്തിൽ പാർട്ടിയുടെ ഭാഗത്ത് നിന്നു വിശദമായ ഒരന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണം.
വിവിധ ഘട്ടങ്ങളിൽ തനിക്കുണ്ടായ അനുഭവങ്ങളും ഷാജൻ സ്‌കറിയ കേസ്, സോളാർ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച വിവാദം, പ്രതിപക്ഷ നേതാവിനെതിരായ ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുൽഗാന്ധിയുടെ കേസ്, പാർക്കിലെ മോഷണക്കേസ്, സാമ്പത്തിക തർക്കത്തിലെ മധ്യസ്ഥൻ എന്നീ കാര്യങ്ങൾ അടക്കം അക്കമിട്ടുനിരത്തിയാണ് അൻവർ പരാതി നല്കിയിരുന്നത്. ഇതിലെല്ലാം പി ശശിയുടെയും എ.ഡി.ജി.പി അജിത് കുമാറിന്റെയും മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസിന്റെയും കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്.