കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വീണ്ടും വിഷപ്പാമ്പ്. 503-ാം നമ്പർ സ്‌പെഷ്യൽ വാർഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ വലിയ അണലി പാമ്പിനെ കണ്ടത്.
ഒരു രോഗി രാവിലെ പ്രാഥമിക കർങ്ങൾക്കായി ശുചിമുറി തുറന്നപ്പോഴാണ് കൂറ്റൻ അണലിയെ കണ്ടത്. തുടർന്ന് രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാർ ഉടനെ പാമ്പിനെ തല്ലിക്കൊന്നതിനാൽ അപകടം ഒഴിവായി.
നവജാതശിശുക്കളുടെ ഐ.സി.യുവിന് സമീപത്തുനിന്നും ഈയിടെ രാത്രി വെള്ളിക്കെട്ടൻ പാമ്പിനെ രോഗികളുടെ കൂട്ടിരിപ്പുകാർ തല്ലിക്കൊന്നിരുന്നു. കാർഡിയോളജി വിഭാഗത്തിൽനിന്ന് മറ്റൊരു പാമ്പിനെയും പിടികൂടിയിരുന്നു. ആശുപത്രിക്ക് ചുറ്റും പടർന്നുപിടിച്ച കാട്ടുവള്ളികളിലൂടെയാണ് പാമ്പുകൾ ആശുപത്രിയുടെ അകത്തേക്ക് കയറുന്നതെന്നാണ് പറയുന്നത്. രോഗത്തിന് ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് പേരുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും ജീവന് ഭീഷണി ഉയർത്തുന്ന വിഷ ജീവികൾക്കെതിരേ ആശുപത്രി അധികൃതർ കുറ്റമറ്റ സുരക്ഷാ നടപടി സ്വീകരിക്കാത്തതിൽ ജനങ്ങൾ ഭീതിയിലാണ്.