തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കുടുംബവും വീടും നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് ഏഴുലക്ഷം രൂപ ധനസഹായം നല്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകും. വനിതാ ശിശു വികസന വകുപ്പാണ് പണം നൽകുക.
വയനാട് പുനരധിവാസത്തിന് രണ്ട് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽ സ്റ്റോൺ എസ്റ്റേറ്റ് എന്നിവയാണവ. ഇവിടെയാണ് ടൗൺഷിപ്പ് നിർമിക്കുക. ദുരന്തനിവാരണ നിയമം പ്രകാരം ഭൂമി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ചുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
ജൂലൈ 30-നുണ്ടായ മുണ്ടക്കൈ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടർന്ന് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസണെ ഈയിടെ വാഹനാപകടത്തിലും നഷ്ടമായി. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്.
ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. തുടർന്നുള്ള തിരിച്ചിലിൽ 72-ാം ദിവസമാണ് ഗംഗാവലിപ്പുഴയിൽനിന്ന് അർജുന്റെ മൃതദേഹവും ലോറിയും കണ്ടെടുത്തത്. വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുള്ള സഹായം വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.