– മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാർ കേരളത്തിലെ പ്രമുഖ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതായി പുതിയ ആരോപണം. ആർ.എസ്.എസ് ദേശീയ നേതാക്കളായ ദത്താത്രേയ ഹൊസബല്ലയും റാം മാധവുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ അന്വേഷണ റിപോർട്ട് പുറത്ത് വരാനിരിക്കെയാണ് പുതിയ ആരോപണം.
കേരളത്തിലെ ആർ.എസ്.എസ് പ്രമുഖൻ കണ്ണൂരിലെ വത്സൻ തില്ലങ്കേരിയുമായാണ് എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയത്. വയനാട്ടിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി എത്തിയപ്പോൾ ആഗസ്ത് നാലിനായിരുന്നു എ.ഡി.ജി.പിയുടെ സ്വകാര്യ കൂടിക്കാഴ്ചയെന്നാണ് വിവരം.
എന്നാൽ, വാർത്ത ആർ.എസ്.എസ് നേതാവ് തള്ളിയില്ല. ചർച്ച നടത്തിയിട്ടുണ്ടെന്നും എന്നാലിത് നാലു മിനുട്ടേ ഉണ്ടായിരുന്നുള്ളൂവെന്നും അത് വയനാട്ടിലെ ദുരന്തസമയത്തുണ്ടായ വിഷയങ്ങളായിരുന്നുവെന്നും വൽസൻ തില്ലങ്കേരി പ്രതികരിച്ചു.
ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും തൃശൂർ പൂരം കലക്കിയതിലെ പങ്കും അടക്കമുള്ള വിഷയങ്ങൾ ഉയർത്തി നിലമ്പൂർ എം.എൽ.എ പി.വി അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ തൊടുത്ത ഗുരുതരമായ വിമർശങ്ങളിൽ സർക്കാർ അമ്പേ പ്രതിരോധത്തിൽ കഴിയവെയാണ് പുതിയ ആരോപണം. പുതിയ പരാതി സി.പി.എം വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതായും വിവരമുണ്ട്.
പി.വി അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ എ.ഡി.ജി.പിക്കെതിരെയുള്ള അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലാണ്. ഒരുമാസത്തിനകം റിപോർട്ട് നല്കണമെന്ന സർക്കാർ നിർദേശമനുസരിച്ച് വ്യാഴാഴ്ചയോടെ അതിന്റെ സമയപരിധി അവസാനിക്കാനിരിക്കുകയാണ്. ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപോർട്ട് സമർപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ കഴിയവെയാണ് എ.ഡി.ജി.പിക്കു കുരുക്കാവുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
എന്തായാലും എ.ഡി.ജി.പിയുടെ ആർ.എസ്.എസ് ബാന്ധവത്തിൽ കടുത്ത നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.ഐ നേതൃത്വം. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം ഇന്നലെയും എ.കെ.ജി സെന്ററിലെത്തി മുഖ്യമന്ത്രിയെയും സി.പി.എം സെക്രട്ടറിയെയും നേരിട്ട് അറിയിച്ചിട്ടുണ്ട്. നാളെ നിയമസഭ തുടങ്ങും മുമ്പ് നടപടി വേണമെന്നാണ് സി.പി.ഐയുടെ അന്ത്യശാസനം. എന്നാൽ, അന്വേഷണ റിപോർട്ട് വരട്ടേ എന്ന സാങ്കേതികത്വത്തിൽ കടിച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ തിരുത്താനാവാത്ത നിസ്സഹായാവസ്ഥയിലാണ് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനുമുള്ളത്. അന്വേഷണ റിപോർട്ട് കിട്ടിയാലുടൻ എ.ഡി.ജി.പിയുടെ സ്ഥലംമാറ്റ നടപടികളിലേക്ക് നീങ്ങി മുഖം രക്ഷിക്കാനാണ് സർക്കാർ നീക്കമെന്നും വിവരങ്ങളുണ്ട്.
സർക്കാറിനെ വെട്ടിലാക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് കേസിന്റെ തുടക്കംമുതലേ മുഖ്യമന്ത്രി സ്വീകരിച്ചത്. പൂരം അലങ്കോലമാക്കിയതിൽ എ.ഡി.ജി.പി നൽകിയ അന്വേഷണ റിപോർട്ട് തള്ളാൻ സർക്കാർ നിർബന്ധിതമായിരുന്നു. എ.ഡി.ജി.പിയുടെ അനധികൃത സ്വത്ത് സമ്പാദനം ചൂണ്ടിക്കാട്ടിയുള്ള പി.വി അൻവറിന്റെ ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്. വിജിലൻസിന് ആറുമാസമാണ് ഇതിന് സമയം നൽകിയിട്ടുള്ളത്.
അതിനിടെ, എ.ഡി.ജി.പി മുതൽ പി.ആർ ഏജൻസി വിവാദം വരെ കത്തിനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. രാവിലെ 11-നാണ് വാർത്താസമ്മേളനം.