‘പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ്. അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ല’
മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ സന്ദർശിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പമുള്ള പടവുമായി സി.പി.എം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്പൂർ ആയിഷ.
മുഖ്യമന്ത്രിക്കും പാർട്ടിക്കും കടുത്ത തലവേദനയായി പി.വി അൻവർ നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഒതായിലെ വീട്ടിലെത്തിയുള്ള സന്ദർശനം അദ്ദേഹത്തിനുള്ള പിന്തുണയായി സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. അൻവറിനൊപ്പമുള്ള വീഡിയോയിൽ അൻവറിനെ നൂറുശതമാനം പിന്തുണയ്ക്കുന്നുവെന്നും നാം മുന്നോട്ട് എന്നു പറഞ്ഞാണവർ പിരിഞ്ഞിരുന്നത്. എന്നാൽ, ഈ വാർത്തയുടെ രാഷ്ട്രീയ സാഹചര്യം വീട്ടിലെത്തിയതോടെയാണ് കൂടുതൽ മനസ്സിലായതെന്നും നിലമ്പൂർ ആയിഷ പറയുന്നു.
കൂടിക്കാഴ്ചയുടെ വീഡിയോ അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഐഷാത്ത എന്ന സഖാവ് നിലമ്പൂർ ആയിഷ.. ‘മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി.. ഐഷാത്തയ്ക്കും ചില കാര്യങ്ങൾ പറയാനുണ്ട്’ എന്ന കുറിപ്പോടെയാണ് പ്രസ്തുത വീഡിയോ പങ്കുവെച്ചത്.
എന്നാൽ സംഭവത്തിൽ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഓർമയിൽ ഇല്ലായിരുന്നുവെന്നും 89 വയസ്സായെന്നും പറഞ്ഞാണ് അഭിനേത്രി കാര്യങ്ങൾ വിശദീകരിച്ചത്. ‘അവിടുന്ന് എന്തൊക്കെയോ സംസാരിച്ചു. എം.എൽ.എയോട് സ്‌നേഹമുണ്ട്. പാർട്ടിയോട് അതിലേറെയും. വീട്ടിലെത്തി പേരമക്കൾ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത്: ഞാൻ മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരാണ് എന്ന രീതിയിൽ വാർത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. അങ്ങനെ ഒരു അവസരം ഉണ്ടായതിൽ ഖേദിക്കുന്നു. നിലമ്പൂർ ആയിഷ മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ ആയിരിക്കും. പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ്. അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ലെന്നും’ അവർ എഫ്.ബിയിൽ കുറിച്ചു.
നിലമ്പൂർ ആയിഷയുടെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
ഇന്ന് അൻവറിന്റെ വീടിന്റെ മുന്നിൽ കൂടി പോയപ്പോൾ കൂടെയുള്ള സുഹൃത്താണ് പറഞ്ഞത് അവിടെ ഒന്ന് കയറാം ഉമ്മയെ ഒന്ന് കാണാം എന്ന്. അങ്ങനെ കയറിയതാണ്. സത്യത്തിൽ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഓർമ്മയിൽ ഇല്ലായിരുന്നു. വയസ്സ് 89 ആണേയ്, അവിടുന്ന് എന്തൊക്കെയോ സംസാരിച്ചു. MLA യോട് സ്‌നേഹമുണ്ട്. പാർട്ടിയോട് അതിലേറെയും. വീട്ടിലെത്തി പേരമക്കൾ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത് ഞാൻ മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരാണ് എന്ന രീതിയിൽ വാർത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. അങ്ങനെ ഒരു അവസരം ഉണ്ടായതിൽ ഖേദിക്കുന്നു.
നിലമ്പൂർ ആയിഷ മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ ആയിരിക്കും. പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ല.
ലാൽ സലാം.