തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ‘ദ ഹിന്ദു’ പത്രത്തിന്റെ വിവാദ അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ച കെയ്‌സൻ എന്ന പി.ആർ ഏജൻസി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി.ജെ.പിയുടെയുമൊക്കെ പി.ആർ വർക്ക് ചെയ്യുന്നവർ തന്നെയാണോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്ത്. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത നിരവധി പരസ്യങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് ബൽറാമിന്റെ ചോദ്യം.
ഇവർക്കുള്ള പ്രതിഫലം എത്രയാണ്? ആരാണിത് നൽകുന്നത്? മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാരിന്റെ പി.ആർ.ഡി വകുപ്പ് ഖജനാവിലെ പണമെടുത്ത് നൽകുകയാണോ? ഇതിനു മുമ്പ് ഈ ഏജൻസി വേറേയേതെങ്കിലും പി.ആർ പ്രവർത്തനം മുഖ്യമന്ത്രിക്ക് വേണ്ടി ചെയ്തിട്ടുണ്ടോ എന്നടക്കമുള്ള പല ചോദ്യങ്ങളും ബൽറാം ഉയർത്തുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും മറ്റു മാധ്യമ പടകളും സംസ്ഥാന പി.ആർ ഏജൻസിയുമെല്ലാം ഉണ്ടായിട്ടും പിന്നെയൊരു പി.ആർ ഏജൻസിക്കായി ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചോരുന്നതിന്റെ സാംഗത്യവും പോസ്റ്റിൽ ഉന്നയിക്കുന്നു.
എന്നിട്ടും ഒരു പത്രത്തിന് ഇന്റർവ്യൂ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ ഇടവും വലവും പി.ആർ ഏജൻസി ഏർപ്പെടുത്തിയ ആളുകൾ ഇരിക്കുന്നതും പിറ്റേന്ന് അടിച്ചുവരുന്നത് ഇവർ പറയിപ്പിച്ചതും പിന്നീട് കൂട്ടിച്ചേർത്തതുമായ വാക്കുകളാകുന്നതുമെല്ലാം കണ്ട് ബൽറാം അത്ഭുദം കൂറുന്നു.
വിവാദ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ‘ദ ഹിന്ദു’ പത്രം മാപ്പു പറഞ്ഞതായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ‘ദ ഹിന്ദു’ പത്രം മാപ്പു പറഞ്ഞുവെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി ഇന്ന് വാർത്തയും നൽകിയിട്ടുണ്ട്. എന്നാൽ, ദ ഹിന്ദുവുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പി.ആർ കമ്പനിയുടെ സാന്നിധ്യത്തെക്കുറിച്ച് ഒന്നും പറയാതെയാണ് ദേശാഭിമാനി മാപ്പുവാർത്ത പ്രസിദ്ധീകരിച്ചത്.
‘മാപ്പ് പറഞ്ഞ് ദ ഹിന്ദു’ എന്ന പാർട്ടി പത്രത്തിലെ വാർത്തയിൽ ദ ഹിന്ദു പത്രം നടത്തിയ വെളിപ്പെടുത്തലുകളും ഒഴിവാക്കിയിട്ടുണ്ട്. വിവാദ ഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് ദ ഹിന്ദു തിരുത്തിയെന്നു പറയുന്ന ദേശാഭിമാനി, എങ്ങനെയാണ് ആ ഭാഗം ദ ഹിന്ദു പ്രസിദ്ധീകരിക്കാൻ ഇടയാക്കിയത് എന്ന വിശദീകരണവും മനപ്പൂർവം ഒഴിവാക്കിയിട്ടുണ്ട്. ദേശാഭിമാനിയുടെ ‘ഈ മനപ്പൂർവ്വമുള്ള മുക്കൽ’ പാർട്ടി പത്രത്തിലെ പലർക്കും ഇതിന്റെ അപകടം മനസ്സിലായതിന്റെ ലക്ഷണമാണെന്നും എന്നാൽ മുഖ്യമന്ത്രിയെ എന്തിനും ഏതിനും അന്ധമായി ന്യായീകരിക്കുന്നവർക്കിത് മനസ്സിലാകില്ലെന്നും സമൂഹമാധ്യമങ്ങളിൽ വിമർശങ്ങളുണ്ട്.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളും അദ്ദേഹത്തിന്റെ മാധ്യമങ്ങളോടുള്ള സമീപനവും പി.ആർ.ഡിക്കും അദ്ദേഹത്തിന്റെ മാധ്യമപ്പടക്കുമായി പൊടിക്കുന്ന ലക്ഷങ്ങളും പലപ്പോഴും വാർത്തകളിൽ സ്ഥാനം പിടിച്ചതാണ്. പി.ആർ ഏജൻസികൾ തെറ്റല്ലെങ്കിലും മുഖ്യമന്ത്രിക്ക് പി.ആർ വർക്കിന്റെ ആവശ്യമില്ലെന്ന് വീമ്പ് പറയുന്നവർ തന്നെ പി.ആർ ടീമിന്റെ തണലിൽ കാര്യങ്ങൾ ചെയ്ത് അവസാനം കൈ കടിക്കേണ്ടി വരുന്നതിന്റെ ദുരന്തങ്ങളാണ് സമൂഹമാധ്യമങ്ങൾ ഓർമിപ്പിക്കുന്നത്. പിണറായിക്ക് അഭിമുഖത്തിന് ഒരു പി.ആർ എജൻസിയുമായി ബന്ധപ്പെടേണ്ട സാഹചര്യം എന്താണെന്നും ഇവർ ചോദിക്കുന്നു.
വി.ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
ഈ കെയ്‌സെൻ എന്ന ഏജൻസി ഫുൾ മോദിയുടേയും ബിജെപിയുടേയുമൊക്കെ PR വർക്ക് ചെയ്യുന്നവരാണ് എന്നാണല്ലോ അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഒക്കെ കാണുമ്പോൾ തോന്നുന്നത്!
തിരുവനന്തപുരത്തെ BJP സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി ഇവർക്ക് ബന്ധമുണ്ടെന്നും കേൾക്കുന്നു. ഈ ഘട്ടത്തിൽ അതൊരാരോപണമായി ഉന്നയിക്കാനുള്ള തെളിവ് എന്റെ കയ്യിൽ കിട്ടിയിട്ടില്ലാത്തതുകൊണ്ട് അത് നമ്മുടെ മാധ്യമ സുഹൃത്തുക്കളുടെ അന്വേഷണാത്മകതക്ക് വിട്ടുനൽകുന്നു.
ഏതായാലും ഇവർക്കുള്ള പ്രതിഫലം എത്രയാണ്? ആരാണ് അത് നൽകുന്നത്? സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പാർട്ടിയാണോ പിണറായി വിജയന്റെ ഈ പിആർ വർക്കുകൾക്കുള്ള പ്രതിഫലം നൽകുന്നത്? അതോ മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാരിന്റെ പിആർഡി വകുപ്പ് ഖജനാവിലെ പണമെടുത്ത് നൽകുകയാണോ?
ഇതിനു മുൻപ് ഈ ഏജൻസി വേറേതെങ്കിലും പിആർ പ്രവർത്തനം മുഖ്യമന്ത്രിക്ക് വേണ്ടി ചെയ്തിട്ടുണ്ടോ? അതിന് പ്രതിഫലം നൽകിയിട്ടുണ്ടോ?
മുഖ്യമന്ത്രിക്ക് ഒരു പ്രസ് സെക്രട്ടറി ഉണ്ട്. ഒരു ലക്ഷത്തിലേറെ രൂപ മാസശമ്പളമുണ്ടാവും. ഇതിന് പുറമേ ഒരു മീഡിയ സെക്രട്ടറിയും ഉണ്ട്. ഒന്നര ലക്ഷത്തോളമാണ് ശമ്പളമെന്ന് തോന്നുന്നു. ഇവരുടെ ജോലികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടോ എന്നറിയില്ല. ഇതിന് പുറമേ നേരത്തെ ഒരു മീഡിയ ഉപദേഷ്ടാവും കൂടി ഉണ്ടായിരുന്നു. പുള്ളി ഇപ്പോ രാജ്യസഭാംഗമാണ്. ഡൽഹിയിലെത്തിയാൽ മുഖ്യമന്ത്രിയുടെ പിആർ വർക്കുകൾ ഇദ്ദേഹത്തിന്റെ കൂടി മുൻകയ്യിലാണ് പതിവ്. ഇതിനെല്ലാം പുറമേ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പത്തു പതിനഞ്ചാളുകൾ വേറെയുമുണ്ട്. ഇവർക്കുള്ള ശമ്പളമായും ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചോരുന്നുണ്ട്.
ഇവരൊക്കെ ഉണ്ടായിട്ടും ഒരു പത്രത്തിന് ഇന്റർവ്യൂ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരിക്കാൻ പുറത്തുള്ള പിആർ ഏജൻസി ഏർപ്പെടുത്തിക്കൊടുക്കുന്ന ആളുകൾ വേണമത്രെ! മുഖ്യമന്ത്രിയുടെ പേരിൽ ഇന്റർവ്യൂവിൽ അടിച്ചുവരുന്നത് ഇവർ പറയിപ്പിച്ചതും പിന്നീട് കൂട്ടിച്ചേർത്തതുമായ വാക്കുകളാണത്രേ!!