- ജലീൽ, അൻവറിനൊപ്പം ചേർന്ന് പുതിയ പോർമുഖം തുറക്കുമോ? അതോ പിണറായിക്കൊപ്പം നിന്ന് അൻവറിനെതിരേ പുതിയ ഇന്ധനം പകരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മലപ്പുറം: പിണറായി സർക്കാറിനും സി.പി.എമ്മിനും കടുത്ത തലവേദനയായി മാറിയ നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഉയർത്തിയ വിഷയങ്ങളിൽ തവനൂർ എം.എൽ.എയും മുൻ മന്ത്രിയുമായ ഡോ. കെ.ടി ജലീലിന്റെ നിലപാട് ഇന്നറിയാം. ഇന്ന് വൈകുന്നേരം നാലരയോടെ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന വെളിപ്പെടുത്തൽ ഉണ്ടാവുമെന്നാണ് വിവരം.
പി.വി അൻവർ ഉയർത്തിയ രാഷ്ട്രീയ ആരോപണങ്ങളുടെ തുടക്കത്തിൽ ജലീൽ അൻവറിന് ഒപ്പമായിരുന്നെങ്കിലും കലാപക്കൊടി മുഖ്യമന്ത്രിയിലേക്കും പാർട്ടിയിലേക്കും പരന്നതോടെ ജലീൽ നിശബ്ദനാവുകയായിരുന്നു. എന്നാൽ, താൻ നേരത്തെ അൻവറിന് പതിച്ചുകൊടുത്ത പിന്തുണ തുടരുമെന്നോ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും തള്ളിപ്പറയാൻ ജലീൽ തയ്യാറാകുമോ എന്നുമാണ് ഇന്ന് അറിയാനിരിക്കുന്നത്.
പാർട്ടിയും മുഖ്യമന്ത്രിയും അൻവറിനെതിരേ പരസ്യമായി രംഗത്തുവന്ന് വേട്ടയാടുന്ന സാഹചര്യത്തിൽ തൽക്കാലം അൻവറിനൊപ്പം നിൽക്കാനുള്ള സാധ്യത കാണുന്നില്ലെന്നാണ് ജലീലുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. എന്തായാലും പിണറായി വിജയനെ പരസ്യമായി തള്ളിപ്പറയാനുള്ള ആർജവം ജലീൽ കാണിക്കില്ലെന്നു തന്നെയാണ് ജലീലിനോട് താൽപര്യമില്ലാത്ത സി.പി.എം കേന്ദ്രങ്ങളുടെ പോലും പ്രതീക്ഷ.
പുതിയ രാഷ്ട്രീയ സഹചര്യം സംബന്ധിച്ച് ഇന്ന് വളാഞ്ചേരിയിൽ നിലപാട് വ്യക്തമാക്കുമെന്നാണ് ജലീൽ മാധ്യമങ്ങളെ അറിയിച്ചത്. ഇദ്ദേഹം എഴുതിയ ‘സ്വർഗസ്ഥാനായ ഗാന്ധി’ എന്ന പുതിയ പുസ്തകം ഇന്ന് വളാഞ്ചേരിയിൽ മാധ്യമപ്രവർത്തകനും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസ് പ്രകാശനം ചെയ്യുന്നുണ്ട്. ശേഷം വൈകുന്നേരം നാലരക്ക് വാർത്താസമ്മേളനത്തിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് ജലീൽ പറയുന്നത്.
എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ അൻവറിന്റെ ആരോപണങ്ങളിൽ ജലീൽ കൂടെയുണ്ടായിരുന്നെങ്കിലും അതിനു ശേഷമുള്ള പാർട്ടിക്കും മുഖ്യമന്ത്രിക്കും എതിരായ പോർവിളിയിൽ ജലീൽ ഇതുവരെയും മനസ്സ് തുറന്നിട്ടില്ല. ജലീൽ ആരെ തള്ളും, ആരെ കൊള്ളും എന്ന നിർണായക ചോദ്യത്തിൽ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം വാർത്താസമ്മേളനം കാത്തിരിക്കുന്നത്. ജലീൽ, അൻവറിനൊപ്പം ചേർന്ന് പുതിയ പോർമുഖം തുറക്കുമോ? അതോ പിണറായിക്കൊപ്പം നിന്ന് അൻവറിനെതിരേ ഇന്ധനം പകരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇനി ഇത് രണ്ടുമല്ലാത്ത എന്തു സമീപനമാണ് അദ്ദേഹത്തിന് തുടരാനാവുക?
ഇനി മത്സരരംഗത്തേക്കില്ലെന്ന് ജലീൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എഴുത്തും വായനയുമായി കഴിയാനാണ് താൽപര്യമെന്നാണ് അറിയിച്ചത്. എങ്കിലും പാർട്ടി പറഞ്ഞാൽ സഹകരിക്കാൻ മടിയില്ലെന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിലെ നിലപാട്, അൻവറിനെ പോലെ പാർട്ടി നേതൃത്വവുമായി തുറന്ന യുദ്ധം പ്രഖ്യാപിക്കാനുള്ള സാധ്യത ഇല്ലെന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങൾ എത്തിക്കുകയെന്നും പറയുന്നു.
എന്നാൽ, അൻവറിനെതിരേ പാർട്ടി നിലപാട് വ്യക്തമാക്കി ദിവസങ്ങൾ പിന്നിട്ടിട്ടും അതിന് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ മനസ്സ് വരാത്ത ഒരാളെ എന്തിന് കാത്തിരിക്കണം? എന്ത് അത്ഭുതമാണ് ജലീലിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് ചോദിക്കുന്നവരും പാർട്ടിയിലുണ്ട്. അനാവശ്യമായി പാർട്ടി ഓരോരുത്തരെയും തലയിലേറ്റിയതിന്റെ ദുരന്തമാണിതെന്ന് ഓർമിപ്പിക്കുമ്പോൾ തന്നെ, പാർട്ടിയിലും സർക്കാറിലും തിരുത്തൽ ശക്തിയാകാൻ നേതൃത്വത്തിനാവുന്നില്ലെന്ന കടുത്ത വിമർശം ഉയർത്തുന്നവരും ഏറെയാണ്.