പാരീസ്: ഫ്രഞ്ച് മുന്നേറ്റ താരം അന്റോണിയ ഗ്രീസ്മാന്‍ അന്താരാഷ്ട ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരമാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ താരം തുടരും. 2018-ല്‍ ഫിഫ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ അംഗമായിരുന്നു. ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ ഗ്രീസ്മാന്‍ സ്‌കോര്‍ ചെയ്തിരുന്നു. 2018ലെ ഫിഫ ലോകകപ്പ് കിരീടം നേടിയ ടീമിലെ അംഗമാവാന്‍ കഴിഞ്ഞതാണ് ഗ്രീസ്മാനെ സംബന്ധിച്ച ഏറ്റവും വലിയ നേട്ടം. ഗ്രീസ്മാന്റെ മികച്ച പ്രകടനം ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി.
ഏഴ് മത്സരങ്ങളില്‍നിന്നായി നാല് ഗോളുകളാണ് 2018 ലോകകപ്പില്‍ താരം നേടിയിരുന്നത്. ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ നേടിയ ഒരു ഗോളും ഇതില്‍ ഉള്‍പ്പെടും. 4-2നായിരുന്നു അന്ന് ഫ്രാന്‍സിന്റെ ജയം.
ദേശീയ ടീമില്‍ 2014-ലാണ് അരങ്ങേറ്റം. തുടര്‍ന്ന് കളിമികവുകൊണ്ട് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിന്റെ പ്രീതി പിടിച്ചുപറ്റി. വിങ്ങിലും മുന്നേറ്റത്തിലും പ്ലേമേക്കിങ് റോളിലുമെല്ലാം ഗ്രീസ്മാന്റെ ഫുട്ബോള്‍ വൈദഗ്ധ്യം നിറഞ്ഞുനിന്നു. ഇതാണ് ഗ്രീസ്മാനെ ടീമിലെ സ്ഥിരസാന്നിധ്യമാക്കി മാറ്റിയത്.
രാജ്യത്തിനായി 137 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ മുപ്പത്തിമൂന്നുകാരന്‍, 44 ഗോളുകളാണ് സ്വന്തംപേരില്‍ ചേര്‍ത്തത്. വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള വീഡിയോയില്‍ ഫ്രഞ്ച് ടീമിനൊപ്പമുണ്ടായിരുന്ന യാത്രകളെക്കുറിച്ചും മറ്റും താരം വിശദീകരിക്കുന്നുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുകയും ചെയ്തു. ഗോളുകളിലോ മുന്നേറ്റത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന കരിയറായിരുന്നില്ല ഗ്രീസ്മാന്റേത്. ആക്രമണത്തിലും പ്രതിരോധത്തിലും വീറുറ്റ പ്രകടനം കാഴ്ചവെച്ച താരം, മികച്ച പ്ലേമേക്കറായിരുന്നു.