അഹമ്മദാബാദ്: ഓൺലൈൻ വസ്ത്ര വ്യാപാരത്തിന്റെ മറവിൽ വ്യാജ നോട്ട് നിർമാണം നടത്തിയ സംഘം പിടിയിൽ. ഗുജറാത്തിലെ സൂറത്ത് നഗരത്തിലെ ഒരു ഓൺലൈൻ വസ്ത്ര സ്റ്റോറിന്റെ ഓഫീസിൽ പ്രവർത്തിക്കുന്ന വ്യാജ കറൻസി നിർമാണ യൂണിറ്റിൽനിന്ന് 1.60 കോടി രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തതായി അഹമ്മദാബാദ് പോലീസ് വ്യക്തമാക്കി.
രാഷ്ട്രപിതാവ് മഹാത്മഗാന്ധിക്കു പകരം അനുപം ഖേറിന്റെ ചിത്രവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ‘റിസോൾ ബാങ്ക് ഓഫ് ഇന്ത്യ’ എന്നുമാണ് 500 രൂപയുടെ നോട്ടിൽ അച്ചടിച്ചത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേന ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്‌ക്കെടുത്ത പ്രതികൾ പരിസരത്ത് വ്യാജ കറൻസി അച്ചടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷാഹിദ് കപൂർ അഭിനയിച്ച ഫാർസി എന്ന വെബ് സീരീസാണ് തട്ടിപ്പിന് പ്രചോദനമെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സൂറത്ത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) ഉദ്യോഗസ്ഥർ പറഞ്ഞു.