നിലമ്പൂർ: മനുഷ്യനെ പേര് നോക്കി വർഗീയവാദിയാക്കുന്ന കാലമാണെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. താൻ അഞ്ചുനേരം നമസ്‌കരിക്കും എന്നു പറഞ്ഞതിലാണ് ഇപ്പോൾ ചർച്ച. എന്നാൽ, താൻ പോലീസിലെ സംഘിത്തരത്തെക്കുറിച്ച് പറഞ്ഞതൊന്നും അവർക്ക് വിഷയമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മുമായി ഇടഞ്ഞതിനുശേഷം നിലമ്പൂർ ചന്തക്കുന്നിൽ സംഘടിപ്പിച്ച ആദ്യ രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് സമരത്തിലെ രക്തസാക്ഷി അന്തരിച്ച പുഷ്പനെ അനുസ്മരിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിനിടെ വിവിധ പള്ളികളിൽനിന്ന് ബാങ്ക് വിളി മുഴങ്ങിയപ്പോൾ പ്രസംഗം നിർത്തിയ എം.എൽ.എ, ‘ബാങ്ക് വിളി ഒരു അങ്ങാടിയിൽ എല്ലാവർക്കും കൂടി ഒന്നാക്കാൻ പറ്റുമോ’ എന്ന് സാമുദായിക നേതാക്കൾ സിവനയം ആലോചിക്കണമെന്നും ചൂണ്ടിക്കാട്ടി.
മറ്റു മതങ്ങളെ എതിർക്കുന്നതാണ് വർഗീയത, അതല്ലാതെ മതത്തിൽ വിശ്വസിക്കുന്നതല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തന്നെ മുസ്‌ലിം വർഗീയവാദിയാക്കാൻ ശ്രമം നടക്കുന്നു. എന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്‌നം. ഞാൻ മുസ്‌ലിം ആയതും അഞ്ചുനേരം നമസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്‌നം. സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം.
ഇങ്ങനെയൊരു ഇറക്കം വേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. കേരളം വെളളരിക്കാ പട്ടണമായി മാറിയിരിക്കുന്നു. ഞാനീ കേരളത്തിൽ വിശ്വസിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പക്ഷേ, അത് ഞാൻ മുമ്പ് പറഞ്ഞതുപോലെ കെട്ടുപോയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ അഞ്ചു മിനുട്ടല്ല, ഞാൻ 37 മിനുട്ടാണ് അദ്ദേഹവുമായി നേരിട്ടു സംസാരിച്ചത്. എന്നിട്ടദ്ദേഹം അഞ്ചു മിനുട്ടെന്ന പച്ചക്കള്ളമാണ് മാധ്യമങ്ങളോട് പറഞ്ഞത്.
ഞാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. പോലീസിൽ പലരും ക്രിമിനൽ വത്കരിക്കപ്പെട്ടിരിക്കുന്നു. പോലീസിനെതിരെയും സ്വർണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ കളളനാക്കാൻ ശ്രമിച്ചു. സ്വർണ്ണക്കടത്തുകാർക്കും പോലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ടുനിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പോലീസിനോ അനക്കമില്ല. രാജ്യദ്രോഹിയായ ഷാജൻ സ്‌കറിയയെ പി ശശിയും എ.ഡി.ജി.പി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും നിലമ്പൂരിലും കോഴിക്കോട്ടും മാത്രമല്ല, ആരോഗ്യമുണ്ടെങ്കിൽ കേരളം മുഴുവൻ ഇത്തരം പൊതുസമ്മേളനങ്ങൾ നടത്തുമെന്നും അൻവർ പ്രഖ്യാപിച്ചു.
കേരളം സ്‌ഫോടകാസ്പദമായ അവസ്ഥയിലാണ്. പോലീസിലെ 25 ശതമാനം പേരും ക്രിമിനൽവൽക്കരിക്കപ്പെട്ടു. കരിപ്പൂർ വഴി കഴിഞ്ഞ മൂന്നു വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു. സ്വർണ്ണക്കടത്തിൽ കസ്റ്റംസ്-പോലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ല. എ.ഡി.ജി.പിയെ വച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിച്ചിട്ടുണ്ടെന്നും ഇങ്ങനെ പോയാൽ ഒരു കേസും തെളിയില്ലെന്നും സി.പി.ഐ പറഞ്ഞത് തന്നെയല്ലേ ഞാനും പറഞ്ഞതെന്നും അൻവർ ചോദിച്ചു.
തന്നെ നിശബ്ദനാക്കാൻ വെടിവച്ച് കൊല്ലേണ്ടി വരും. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും ഞാൻ പിന്തിരിയുമെന്ന് ആരും കരുതേണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ ജയിലിൽ അടക്കേണ്ടി വരും. കേസ് പലതും വരുന്നുണ്ടല്ലോ. ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണ്.
അൻവർ മാളത്തിൽ ഒളിക്കുമെന്ന് ആരും കരുതേണ്ട. തന്നെ വർഗീയവാദിയായി ചാപ്പ കുത്താൻ ശ്രമിച്ചാലും നടക്കില്ല. സി.പി.എം മലപ്പുറം ജി്ല്ലാ സെക്രട്ടറി മോഹൻദാസ് കാക്കി ട്രൗസറിട്ട ആളാണ്. ഈ ഭരണത്തിൽ നാട് വലിയ ദുരന്തത്തിലേക്ക് പോകും മുമ്പ് അരുത് കാട്ടാളാ എന്നു പറഞ്ഞാൽ അത്രയും നന്ന്. ആകെയുള്ള ഒറ്റ പ്രതീക്ഷ ജുഡീഷ്യറി മാത്രമാണെന്നും അൻവർ പറഞ്ഞു.
ഞാൻ പാർട്ടിയുണ്ടാക്കുന്നില്ല, ജനം പാർട്ടിയായാൽ പിന്നിലുണ്ടാകുമെന്നും അൻവർ പറഞ്ഞു. പല പാർട്ടികളും ഒപ്പം പോരാൻ വിളിച്ചു. എന്റെ പോക്ക് ജയിലിലേയ്ക്കാണ്. കേസെടുത്ത വാർത്ത വന്നപ്പോൾ ഞാൻ കൂടെ നിൽക്കുന്നവരോട് പറഞ്ഞത് ഞാൻ ഓരോ ദിവസവും ഓരോ മണിക്കൂറിലും തയ്യാറെടുത്ത് നില്ക്കുകയാണ്. എന്തും നേരിടാൻ തയ്യാറായി. താൻ വെടികൊണ്ട് വീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. എന്നെ എം.എൽ.എ ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ് നിങ്ങൾ. അതൊന്നും ഞാൻ മറക്കൂല. നിങ്ങൾ കാൽ വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട- അൻവർ വ്യക്തമാക്കി.
പി.വി അൻവർ പ്രസംഗം തുടരുകയാണിപ്പോഴും….
ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായാണ് ആയിരക്കണക്കിന് പ്രവർത്തകർ അൻവറിനെ പൊതുസമ്മേളന സ്റ്റേജിലേക്ക് എത്തിച്ചത്. സി.പി.എമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ സുകു ചടങ്ങിൽ സ്വാഗതം ആശംസിച്ചു.