കോഴിക്കോട്: സമസ്ത-സി.ഐ.സി തർക്കത്തിന് പിന്നാലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുറത്താക്കിയ സി.ഐ.സി മുൻ ജനറൽസെക്രട്ടറി കൂടിയായ പ്രഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും സി.ഐ.സിയുടെ തലപ്പത്ത്.
സി.ഐ.സി സെനറ്റ് യോഗത്തിൽ ഹക്കീം ഫൈസിയെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വീണ്ടും പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്.
സമസ്ത-സി.ഐ.സി തർക്കം മുസ്‌ലിം ലീഗിലേക്കു കൂടി പടർന്നതോടെ ഹക്കീം ഫൈസിക്കെതിരെ സമസ്ത അച്ചടക്ക നടപടി സ്വീകരിക്കുകയും തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആദ്യശ്ശേരി ഫൈസിയെ പദവിയിൽനിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇത് വാഫി-വഫിയ്യ സ്ഥാപനങ്ങളുടെ അക്കാദമിക് നിലവാരത്തെയടക്കം വളരെ ദോഷകരമായി ബാധിക്കുമെന്ന് ഏറെ വിമർശങ്ങൾ ഉയർത്തിയിരുന്നു.