ബെയ്റൂത്ത് – ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റല്ല ഇന്നലെ വൈകീട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിനും സമീപത്തെ കെട്ടിടങ്ങള്‍ക്കും നേരെ നടത്തയ അതിശക്തമായ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്‌റല്ലയും മറ്റേതാനും ഹിസ്ബുല്ല നേതാക്കളും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് നസ്‌റല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചത്. ഹിസ്ബുല്ലയിലെ ഭൂരിഭാഗം മുതിര്‍ന്ന നേതാക്കളെയും വകവരുത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഹിസ്ബുല്ലയുടെ 140 ലേറെ ലക്ഷ്യങ്ങള്‍ക്കു നേരെ തങ്ങള്‍ ആക്രമണങ്ങള്‍ നടത്തി. ആയുധങ്ങള്‍ സംഭരിച്ച കെട്ടിടങ്ങള്‍, ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ അടക്കമുള്ള കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
ഹിസ്ബുല്ല കമാണ്ടര്‍ അലി കരകിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനു താഴെ ഭൂമിക്കടിയില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല ഹെഡ്ക്വാര്‍ട്ടേഴ്‌സിനു നേരെ കൃത്യവും സൂക്ഷ്മവുമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയത്. ഇസ്രായിലിനെതിരായ ആക്രമണങ്ങള്‍ക്ക് ഏകോപനം നടത്താന്‍ ഹിസ്ബുല്ല നേതാക്കള്‍ സമ്മേളിച്ച സമയം നോക്കിയാണ് ഹിസ്ബുല്ല കേന്ദ്രത്തിനു നേരെ സൈന്യം ആക്രമണം നടത്തിയതെന്നും ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്‌റഇ പറഞ്ഞു. 80 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഹിസ്ബുല്ല ആസ്ഥാനത്തിനു നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
1992 ഫെബ്രുവരിയില്‍ മുപ്പത്തിയഞ്ചാം വയസിലാണ് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ പദവി ഹസന്‍ നസ്‌റല്ല ഏറ്റെടുത്തത്. ഇസ്രായില്‍ സൈന്യത്തിനെതിരെ പോരാടാന്‍ 1982 ല്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് സ്ഥാപിച്ച ഹിസ്ബുല്ല ഒരു കാലത്ത് നിഗൂഢ സംഘടനയായിരുന്നു. നസ്‌റല്ല സെക്രട്ടറി ജനറല്‍ പദവി ഏറ്റെടുത്തതോടെ സംഘടനയുടെ അറിയപ്പെടുന്ന ചിഹ്നമായി അദ്ദേഹം മാറുകയായിരുന്നു. 18 വര്‍ഷം നീണ്ട ഇസ്രായില്‍ അധിനിവേശം അവസാനിപ്പിച്ച് രണ്ടായിരാമാണ്ടില്‍ ദക്ഷിണ ലെബനോനില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പുറത്താക്കുന്നതില്‍ ഹിസ്ബുല്ല പോരാളികള്‍ വിജയിക്കുമ്പോള്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കിയിരുന്നത് നസ്‌റല്ലയായിരുന്നു.
അതിനിടെ, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്ല നേതാക്കളുടെ ഫോട്ടോകളും പേരുവിവരങ്ങളും ഇസ്രായില്‍ സൈന്യം പുറത്തുവിട്ടു. ഹസന്‍ നസ്‌റല്ല, അലി കരകി, ഫുവാദ് ശുക്ര്‍, ഇബ്രാഹിം അഖീല്‍, അബൂ അലി രിദ, മുഹമ്മദ് നാസിര്‍, താലിബ് സാമി അബ്ദുല്ല, വിസാം അല്‍തവീല്‍, അബൂഹസന്‍ സയ്യിദ്, അബ്ദുല്ല അബ്ബാസ് തഗാസി, ഹസന്‍ അഹ്മദ് ഹാദ്രി, ഹസന്‍ യൂസുഫ് അബ്ദുസ്സത്താര്‍, മുഹമ്മദ് കാസിം അല്‍അത്താര്‍, ഹസന്‍ അലി ഹസന്‍, ഹസന്‍ ഹുസൈന്‍ അല്‍മാസി, മുഹമ്മദ് അഹ്മദ് രിസ്ഖ്, സമീര്‍ അബ്ദുല്‍ഹലീം തലാവി, അബ്ബാസ് സാമി മുസല്‍മാനി, മുഹമ്മദ് ഇസാം ഹമദ് എന്നിവരെയാണ് തങ്ങള്‍ കൊലപ്പെടുത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.