തീപ്പൊരി പ്രഭാഷകൻ, എഴുത്തുകാരൻ, ഗ്രന്ഥകർത്താവ്, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹ്യ പരിഷ്കർത്താവ്, നിയമസഭ സാമാജികൻ, പാർലമെൻറ് അംഗം, മികച്ച ഭരണാധികാരി, നിയമസഭാ സ്പീക്കർ, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള മണ്ണിൽ ശോഭ പരത്തിയ സി എച്ച് എന്ന ഇതിഹാസ നായകന് പകരം വയ്ക്കാൻ കഴിയുന്ന നേതാക്കൾ കേരള രാഷ്ട്രീയത്തിൽ വിരളമാണ്. തൻ്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ ഒരു നിർണായക ശക്തിയായി വളർത്തിയെടുക്കുന്നതിൽ സി.എച്ച്. വഹിച്ച പങ്ക് നിസ്തുലമാണ്. താൻ പ്രതിനിധീകരിക്കുന്ന സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിലും നേരിൻ്റെ പക്ഷത്ത് നിലകൊള്ളുന്നതിലും അതീവ ശ്രദ്ധ പുലർത്തിയ നേതാവായിരുന്നു സി എച്ച്.
തന്റെ 56 ത്തെ വയസ്സിൽ ഈ ലോകത്ത് നിന്നും വിടപറഞ്ഞു പോകുന്നതിന് മുൻപ് ഒരു മനുഷ്യൻ തന്റെ പുരുഷായുസ്സിൽ ചെയ്തു തീർക്കാവുന്നതിനും അപ്പുറം പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്ത് നിന്നും യാത്രയായത്. രാഷ്ട്രീയ നേതാവും ഭരണാധികാരിയും എന്ന നിലയിൽ സി എച്ചിൻ്റെ സേവനം ചരിത്രത്തിൽ അതുല്യമാണ്. പ്രത്യാക്രമണം നടത്തുന്നവർക്കും വിമർശിക്കുന്നവർക്കും പ്രതിരോധിക്കുന്നവർക്കും സി എച്ചിന്റെ പ്രതികരണവും മറുപടിയും അവർക്ക് തന്നെ സി എച്ചിനോടുള്ള ആദരവും ബഹുമാനവും തോന്നുന്ന നിലയിൽ സംയമനപൂർവ്വം കുറിക്ക് കൊള്ളുന്നവയും ആയിരുന്നു. താൻ ആർക്ക് വേണ്ടിയാണോ ആത്മസമർപ്പണത്തോടെ പ്രവർത്തിച്ചത് അവരുടെ മാനസിക കൊട്ടാരത്തിൽ കുടികൊള്ളുന്നതോടൊപ്പം മറ്റുള്ളവരുടെ അംഗീകാരം കൂടി നേടിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
1927 ജൂലൈ 15ന് കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ മാനത്തലാക്കണ്ടി ആലി മുസ്ലിയാരുടെയും മറിയത്തിന്റെയും മൂന്നു മക്കളിൽ മൂത്തമകനായിട്ടായിരുന്നു ജനനം സാമ്പത്തിക പരാധീനതകളും ദാരിദ്ര്യവും നല്ലതുപോലെ അനുഭവിച്ചറിഞ്ഞതായിരുന്നു സി എച്ചിന്റെ ബാല്യകാലം. 1929 തൻറെ അഞ്ചാം വയസ്സിൽ മത വിദ്യാഭ്യാസത്തിനായി മദ്രസയിൽ ചേർന്നു. അതേ വർഷം തന്നെ വേളൂർ എലിമെൻററി സ്കൂളിൽ പഠനവും ആരംഭിച്ചു. പിന്നീട് കൊയിലാണ്ടി ഹൈസ്കൂൾ കോഴിക്കോട് സാമൂതിരി കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഇക്കാലത്ത് എം എസ് എഫിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തീർന്നു. 1941ൽ എം എസ് എഫിന്റെ തുടക്കം തൊട്ടേ അതിൽ അംഗമായി. 1947ൽ മലബാർ ജില്ലാ ജോയിൻ സെക്രട്ടറി ആയി. 1946 കുറുമ്പനാട് താലൂക്ക് മുസ്ലിം ലീഗ് കമ്മിറ്റി സി എച്ചിനെ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു. പ്രതിമാസം 30 രൂപയായിരുന്നു ശമ്പളം. കുടുംബത്തിലെ സാമ്പത്തിക വിഷമതകൾ ആയിരുന്നു സിഎച്ചിനെ ഈ ജോലി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. പിന്നീട് കോഴിക്കോട് മുനിസിപ്പൽ ഓഫീസിൽ ക്ലർക്ക് ആയി സേവനമനുഷ്ഠിച്ചു. സി എച്ച് എന്ന യുവത്വത്തിന് ഈ തൊഴിൽ ഒരു അനുഗ്രഹമായി. പ്രസംഗത്തിലും എഴുത്തിലും പത്രപ്രവർത്തനരംഗത്തും ഇതിനകം ശ്രദ്ധേയനായി തീർന്ന സി എച്ച് എന്ന പ്രതിപുരുഷനെ മുസ്ലിം ലീഗ് പാർട്ടി പ്രവർത്തകരും പൊതുസമൂഹവും അറിയപ്പെടാനും ആദരിക്കാനും തുടങ്ങി. നാവിൽ ഉണ്ടായിരുന്ന വാക്ചാതുര്യം എഴുത്തിലും പ്രതിഫലിച്ചുകൊണ്ടിരുന്നു.
1951ൽ കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി പ്രവർത്തന രംഗത്തേക്കുള്ള അദ്ദേഹത്തിൻറെ ആദ്യ കാൽവയ്പ്പ് ആയിരുന്നു അത്. താൻ ക്ലർക്ക് ആയി ജോലി ചെയ്തിരുന്നടത്ത് ഒരു ജനപ്രതിനിധിയായി അദ്ദേഹം തിരിച്ചെത്തി. 1952 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി എച്ചിന്റെ പേര് നിർദ്ദേശിക്കപ്പെട്ടു എങ്കിലും പ്രായപൂർത്തി ആകാൻ കഴിയാത്തതിനാൽ മത്സരിക്കാൻ കഴിഞ്ഞില്ല.
മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി ഐക്യ കേരളം രൂപീകരിക്കുന്ന ഘട്ടത്തിൽ പിഎസ്പിയും കോൺഗ്രസിലെ ഒരു വിഭാഗവും എതിരായപ്പോൾ മുസ്ലിം ലീഗ് അതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. 1954 ഏപ്രിൽ നടന്ന മലബാർ ജില്ലാ സമ്മേളനത്തിൽ ഐക്യ കേരള പ്രമേയം അവതരിപ്പിച്ചത് അദ്ദേഹം ആയിരുന്നു. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വന്നു . കേരളപ്പിറവിക്ക് ശേഷം 1957 നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും പി എസ് പി യും സഖ്യത്തിൽ മത്സരിച്ചു. ഇ.എം.എസിൻ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു. സി എച്ച് തെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലെ പ്രഗൽഭരായ പഴക്കം ചെന്ന നേതാക്കളെ ഒക്കെ അമ്പരപ്പിക്കുന്നതായിരുന്നു ചെറുപ്പക്കാരനായിരുന്ന സി എച്ചിന്റെ നിയമസഭയിലെ കന്നി അങ്കങ്ങൾ. 1960ൽ നടന്ന തെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മുസ്ലിം ലീഗ് ഉൾക്കൊള്ളുന്ന മുന്നണി അധികാരത്തിൽ വന്നു. 1961ൽ സീതി സാഹിബിന്റെ നിര്യാണത്തെ തുടർന്ന് സി എച്ച് നിയമസഭാ സ്പീക്കറായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ആയിരുന്നു അദ്ദേഹം. ഈ കാലയളവിൽ ആണ് “നിയമസഭാ ചട്ടങ്ങൾ” എന്ന അദ്ദേഹത്തിൻറെ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. 1962 ൽ നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിച്ചു പരാജയപ്പെട്ട കോഴിക്കോട് മണ്ഡലത്തിൽ നിന്നും സി എച്ച് വിജയിച്ച് പാർലമെൻറ് അംഗമായി.
1967ൽ പാർലമെൻറിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അന്ന് സിപിഎമ്മിനോട് ഒപ്പം ആയിരുന്നു മത്സരിച്ചത്. വൻ ഭൂരിപക്ഷത്തോടെ സി എച്ച് നിയമസഭാ അംഗമായി ഇഎംഎസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മന്ത്രിസഭയിൽ സി എച്ച് വിദ്യാഭ്യാസ മന്ത്രിയായി വിദ്യാഭ്യാസ മേഖലകളിൽ സമൂലമായ പരിവർത്തന ത്തിന് തൻറെ കഴിവുകൾ വിനിയോഗിച്ചു. പ്രവർത്തിക്കുവാൻ ആയി അതോടൊപ്പം അതീവ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന തൻറെ സമൂഹത്തെ വിദ്യാഭ്യാസ വളർച്ചയിലൂടെ കൈപിടിച്ചുയർത്തി മുഖ്യധാരയിൽ എത്തിക്കാൻ വേണ്ട ശ്രമകരമായ പ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ഏത് വിഷയങ്ങളിലും നേരിന്റെ പക്ഷത്ത് നിന്നുകൊണ്ട് എല്ലാവർക്കും സ്വീകാര്യമായ നടപടികൾ ആയിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത് 1972 ൽ മുസ്ലിം ലീഗിൻറെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1973 ജനുവരിയിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1973 സെപ്റ്റംബറിൽ അദ്ദേഹം സോവിയറ്റ് യൂണിയൻ സന്ദർശിച്ചു. “സോവിയറ്റ് യൂണിയൻ” എന്ന യാത്രാവിവരണ ഗ്രന്ഥം അദ്ദേഹം രചിച്ചു. 1974 ഹജ്ജ് കർമ്മം നിർവഹിച്ചു. 1975 ഗൾഫ് നാടുകൾ സന്ദർശിച്ചു ഗൾഫിലെ ഒട്ടുമിക്ക രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. 1977ൽ മലപ്പുറത്തുനിന്നും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977 മാർച്ച് 23ന് വീണ്ടും കേരള മന്ത്രിസഭയിൽ അംഗമായി ഇക്കാലത്ത് അദ്ദേഹത്തിൻറെ ഗൾഫ് രാജ്യങ്ങളിൽ എന്ന യാത്ര വിവരണ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് . 1979 ഒക്ടോബർ 12ന് കേരളത്തിലെ മുഖ്യമന്ത്രിയായി കേരള ചരിത്രത്തിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്ന ഏക മുസ്ലിം പ്രതിനിധിയാണ് അദ്ദേഹം. സ്പീക്കർ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും അലങ്കരിച്ച കേരളത്തിലെ ഏക വ്യക്തിയും അദ്ദേഹം തന്നെ. പക്ഷേ 48 ദിവസം മാത്രമേ അദ്ദേഹം നേതൃത്വം നൽകിയ മന്ത്രിസഭയ്ക്ക് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. 1980ല്‍ മഞ്ചേരിയിൽ നിന്നും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. ഈ കാലത്ത് ആണ് അദ്ദേഹം ലിബിയ സന്ദർശിച്ചത്. ലിബിയ സന്ദർശനം യാത്രാവിവരണ ഗ്രന്ഥം അദ്ദേഹം രചിച്ചു.
1984 വീണ്ടും കേരളത്തിൻറെ ഉപ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലെത്തി. ആ വർഷം തന്നെ അദ്ദേഹം സൗദി അറേബ്യ സന്ദർശനം നടത്തി. സൗദി അറേബ്യയുടെ മിക്കപ്രദേശങ്ങളും സന്ദർശിച്ചു. 1982 മെയ് 10 ന് മഞ്ചേരിയിൽ നിന്നും വീണ്ടും നിയമസഭയിലേക്ക്.. “ഇന്ത്യയിലെ മുസ്ലിം ഭരണകാലം കഥകളിലൂടെ” എന്ന ഗ്രന്ഥം ഇക്കാലത്താണ് അദ്ദേഹം രചിച്ചത്. 1982 മെയ് 24 ന് വീണ്ടും ഉപമുഖ്യമന്ത്രിയായി. ഈ ഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് കൂടി അദ്ദേഹം കൈകാര്യം ചെയ്തു. 1982 ജൂലൈ മാസത്തിൽ അദ്ദേഹം ലണ്ടൻ സന്ദർശിച്ചു. 1983 സെപ്റ്റംബർ 28 ന് 56 മത്തെ വയസ്സിൽ ഹൈദരാബാദിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു.
ദക്ഷിണേന്ത്യയിലെ വ്യവസായ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയത്. ശേഷം ഹൈദരാബാദിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. രാത്രി പത്തുമണിയോടെയാണ് സി എച്ച് ഗസ്റ്റ് ഹൗസിൽ എത്തിയത് രാവിലെ 6 മണിക്ക് മുമ്പ് തന്നെ വിളിക്കണമെന്ന് പറഞ്ഞായിരുന്നു സി എച്ച് ഉറങ്ങാൻ കിടന്നത്. രാവിലെ എട്ടു മുപ്പതിന് ഈ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടതായിരുന്നു. വിളിച്ചുണർത്താൻ ചെന്നവർ കണ്ടത് അദ്ദേഹത്തിൻറെ ചലനമറ്റ ശരീരമായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ നൈസാം ഓർത്തോ ഹോസ്പിറ്റലിലേക്ക് മാറ്റി. വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് അദ്ദേഹത്തിൻറെ മരണം സ്ഥിതീകരിച്ചത്. പിറ്റേദിവസം രാവിലെ മയ്യത്ത് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്ററിൽ കോഴിക്കോട് എത്തിച്ചു. പതിനായിരങ്ങളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനയോടെ ഖബറടക്കി.
1968 സെപ്റ്റംബർ 13ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രി ഗൂൺസൺ ഉദ്ഘാടനം ചെയ്ത കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തിൻറെ വിശ്രമരഹിതമായ പ്രയത്നഫലമായി രൂപം കൊണ്ടതാണ്. അതുപോലെ 1969 ജൂൺ 16ന് നിലവിൽ വന്ന മലപ്പുറം ജില്ലാ രൂപീകരണത്തിലും മുഖ്യമായ പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. കേരള രാഷ്ട്രീയത്തിൽ തൻ്റേതായ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്ത സി എച്ച് 1964 ചന്ദ്രികയിൽ പ്രവർത്തനം തുടങ്ങുകയും പിന്നീട് സഹ പത്രാധിപരും ആയി. 1950 ആരംഭിച്ച ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ അണിയറശില്പിയും അദ്ദേഹം ആയിരുന്നു. നിരീക്ഷണ പാഠവും നർമ്മബോധവും കലർന്നതായിരുന്നു. അദ്ദേഹത്തിൻറെ വരികൾ അക്ഷരത്തെ ഉപാസിക്കുന്നതിൽ സിഎച്ചിന്റെ കഴിവ് വേറിട്ടതായിരുന്നു. ഓരോ കാര്യവും പഠിച്ച് എഴുതി ഫലിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയരായിരുന്നു. ചന്ദ്രിക കൂടാതെ മാതൃഭൂമിയിലും അദ്ദേഹം എഴുതിയ ലേഖനങ്ങൾ ശ്രദ്ധേയമായി മാറി. എംകെ അത്തോളി, മുഹമ്മദ് കോയ മാളിയേക്കൽ, വെടിവെട്ടി കോയ തുടങ്ങിയ തൂലികാനാമങ്ങളിൽ ആണ് അദ്ദേഹം എഴുതിയത്. സഞ്ചാരസാഹിത്യകൃതികൾ കൂടാതെ മൗലാനാ മുഹമ്മദലി, ലിയാഖത്ത് അലി ഖാൻ ഹജ്ജ് യാത്ര ഇന്ത്യൻ മുസ്ലിം ഭരണകാലം കഥകളിലൂടെ നബിയും സഹാബിമാരും തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ പ്രധാന കൃതികൾ.
(കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റാണ് ലേഖകൻ)