കൊച്ചി: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫോഴ്സ കൊച്ചി എഫ്.സി. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ കൊമ്പന്‍സ് ഒരു ഗോളിന് മുന്നിലായിരുന്നു. കൊച്ചിക്കായി രാഹുലും ഡോറിയല്‍ട്ടനും സ്‌കോര്‍ ചെയ്തപ്പോള്‍ കൊമ്പന്‍സിന്റെ ഗോള്‍ മാര്‍ക്കോസ് വില്‍ഡറിന്റെ ബൂട്ടില്‍നിന്നായിരുന്നു. ലീഗില്‍ കൊച്ചിയുടെ ആദ്യ വിജയമാണിത്.
41ാം മിനിറ്റില്‍ കോര്‍ണറില്‍നിന്ന് ലഭിച്ച പന്ത് ഹെഡ്ഡര്‍വഴി പോസ്റ്റിലേക്ക് തിരിച്ചുവിട്ട് മാര്‍ക്കോസ് കൊമ്പന്‍സിന് ലീഡ് നല്‍കി. രണ്ടാം പകുതിയിലും ഫോഴ്സ കൊച്ചി ലക്ഷ്യ ബോധമില്ലാതെയാണ് കളി തുടങ്ങിയത്. ഗോള്‍ കീപ്പര്‍ ഹജ്മലാണ് അവര്‍ക്ക് പലപ്പോഴും രക്ഷകനായത്. 54-ാം മിനിറ്റില്‍ ആസിഫിനെ പിന്‍വലിച്ച് കൊച്ചി സിരി ഒമ്രാനെ കളത്തിലിറക്കി. അതോടെ കളി മാറി. 63-ാം മിനിറ്റില്‍ കൊച്ചി സമനില പിടിച്ചു.
ബ്രസീലുകാരന്‍ ഡോറിയല്‍ ഗോമസ് നല്‍കിയ പാസ് കൃത്യമായി പോസ്റ്റിലെത്തിച്ച് പകരക്കാരന്‍ രാഹുലാണ് കൊച്ചിയുടെ രക്ഷകനായത് 1-1. കൊച്ചിക്കായി എഴുപത്തിയാറാം മിനിറ്റില്‍ ബ്രസീല്‍ താരം ഡോറിയല്‍ട്ടന്‍ ലീഡ് നല്‍കി 1-2. വലതു ഭാഗത്തുനിന്ന് ലഭിച്ച ക്രോസ്സ് ഫസ്റ്റ് ടൈം ടച്ചില്‍ ബ്രസീല്‍ താരം പോസ്റ്റില്‍ കയറ്റി. കളിയുടെ അവസാന നിമിഷങ്ങളില്‍ ലീഡ് ഉയര്‍ത്താന്‍ കൊച്ചിക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. നാല് കളിയില്‍ കൊച്ചിക്കും തിരുവനന്തപുരത്തിനും അഞ്ച് പോയന്റ് വീതമായി.