തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആർ.എസ്.എസിന്റെ രണ്ടു നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചകളും അന്വേഷിക്കും.
ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയ്ക്ക് ഇടനില വഹിച്ച ആർ.എസ്.എസ് നേതാവ് ജയകുമാറിന് മൊഴി നൽകാൻ നോട്ടീസ് നൽകിയതായും വിവരമുണ്ട്. പ്രതിപക്ഷ പാർട്ടികളിൽനിന്ന് മാത്രമല്ല, ഭരണകക്ഷി പാർട്ടികളിൽ നിന്നടക്കം ആരോപണമുയർന്ന് 20 ദിവസങ്ങൾക്കു ശേഷമാണ് പിണറായി സർക്കാറിന്റെ നടപടി.
എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പാറമേക്കാവിലെ ഒരു സ്‌കൂളിൽ വച്ച് ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്തത്രേയ ഹൊസബലയെ കണ്ട് ചർച്ച നടത്തയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ആദ്യം ഉന്നയിച്ചത്. ആരോപണത്തിന് പിന്നാലെ എ.ഡി.ജി.പി ഇക്കാര്യം സമ്മതിക്കുകയുമുണ്ടായി. ശേഷം കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവ് റാം മാധവിനെ സന്ദർശിച്ചതും പിന്നാലെ പുറത്തുവന്നു. എന്നാൽ, ഇതെല്ലാം എന്തിനാണെന്നോ, ആര് ചുമതലപ്പെടുത്തിയത് അനുസരിച്ചാണെന്നോ അടക്കമുള്ള നിരവധി ചോദ്യങ്ങൾ ഭരണകക്ഷി പാർട്ടികളിൽ നിന്നടക്കം ഉയർന്നെങ്കിലും അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആർ.എസ്.എസ് നേതാക്കളെ കണ്ടതിൽ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ സി.പി.ഐ, ആർ.ജെ.ഡി, എൻ.സി.പി പാർട്ടികളിൽനിന്നടക്കം ഇടതു മുന്നണി യോഗത്തിൽ കടുത്ത വിമർശങ്ങളുണ്ടായിട്ടും സി.പി.എമ്മും മുഖ്യമന്ത്രിയും എ.ഡി.ജിപിക്കെതിരേ ഒരക്ഷരം പറഞ്ഞിരുന്നില്ല. ഏറ്റവും ഒടുവിൽ തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി സമർപ്പിച്ച അന്വേഷണ റിപോർട്ടിൽ ഡി.ജി.പി നൽകിയ പ്രത്യേക കുറിപ്പും തിരിച്ചടിയാകുമെന്ന ഘട്ടത്തിലാണ് സർക്കാർ എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.