- വിചാരണയ്ക്കിടെ മറ്റു പങ്ക് തെളിഞ്ഞാൽ നിയമവഴി തേടാമെന്ന് കോടതി
ന്യൂഡൽഹി: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എസ്.പി ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണമില്ല. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി.
സംഭവം നടന്നിട്ട് അഞ്ചുവർഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടികാട്ടി. എന്നാൽ, കേസിന്റെ വിചാരണ വേളയിൽ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ, നിയമപരമായ മാർഗം തേടാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കേസ് ആദ്യം സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കൾക്കായി ഹാജരായ സീനിയർ അഭിഭാഷകർ ചൂണ്ടികാട്ടിയപ്പോൾ, അതിനാലാണ് വിചാരണ വേളയിൽ ആരുടെയങ്കിലും പങ്ക് തെളിഞ്ഞാൽ നിയമപരമായ നടപടി സ്വീകരിക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയതെന്ന് കോടതി ശ്രദ്ധയിൽ പെടുത്തി.
2018 ഫെബ്രുവരി 12ന് എടയന്നൂരിൽ വച്ചാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ അക്രമികൾ അതിക്രൂരമായി വെട്ടിക്കൊന്നത്. തട്ടുക്കടയിൽനിന്ന് ചായ കുടിച്ചുകൊണ്ടിരിക്കവെ സ്ഥലത്തെത്തിയ ക്വട്ടേഷൻ സംഘം ആദ്യം ബോംബെറിയുകയും പിന്നീട് ഷുഹൈബിനെ 41 തവണ വെട്ടി കൊല്ലുകയുമായിരുന്നു. സംഭവത്തിൽ പ്രതിപ്പട്ടകയിലുള്ള 11 പേരിൽ എം.വി ആകാശ് എന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള നാലു പേരെ സി.പി.എം പുറത്താക്കിയിരുന്നു.
പ്രതികളെ രക്ഷിക്കാൻ സർക്കാറും സി.പി.എമ്മും ഗൂഢനീക്കം നടത്തിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഒരു ചെറുപ്പക്കാരന്റെ ക്രൂരമായ കൊലയിൽ കുടുംബത്തിന് നീതി ലഭിക്കാനായി, സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെ മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കി കോടിക്കണക്കിന് രൂപ പൊടിച്ച സി.പി.എമ്മിന്റെയും സർക്കാറിന്റെയും നടപടി ഏറെ വിമർശിക്കപ്പെട്ടിരുന്നു.