കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷ് അറസ്റ്റിൽ. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി തീരദേശ പോലീസ് ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടന് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം വിട്ടയക്കും.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. നടൻ മരടിലെ ഫ്‌ളാറ്റിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. സിനിമയിൽ അവസരവും ‘അമ്മ’ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്തായിരുന്നു നടന്റെ പീഡിപ്പിക്കലെന്നും നടിയുടെ പരാതിയിലുണ്ട്. ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് മറ്റൊരു ആരോപണം.
ആഗസത് 28ന് മരട് പോലീസ് ആണ് മുകേഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, മോശം വാക്പ്രയോഗം എന്നീ വകുപ്പുകളാണ് മുകേഷിനെതിരേ ചുമത്തിയത്. പത്തു വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.
ഗുരുതരമായ ലൈംഗിക പീഡന ആരോപണ പശ്ചാത്തലത്തിൽ എം.എൽ.എ രാജിവെക്കണമെന്ന ആവശ്യം സി.പി.ഐയുടെ ആനി രാജ ഉൾപ്പെടെയുള്ള ഭരണക്ഷി നേതാക്കളും പ്രതിപക്ഷ പാർട്ടികളും ശക്തമായി ഉന്നയിച്ചെങ്കിലും ലൈംഗികാരോപണം ഉയർന്ന കോൺഗ്രസിന്റെ രണ്ടു ജനപ്രതിനിധികളെ ചൂണ്ടിക്കാട്ടി അത്തരമൊരു കീഴ്‌വഴക്കമില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു സി.പി.എം. ഇതിനെതിരേ സി.പി.ഐയും യുവജന സംഘടനയായ എ.ഐ.വൈ.എഫും വനിതാ സംഘടനകളുമെല്ലാം രംഗത്തെത്തിയെങ്കിലും ആരോപണവിധേയനായ എം.എൽ.എയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.