അങ്കോള: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചിലിനിടെ നിർണായക കണ്ടെത്തൽ. നാവികസേന അടയാളപ്പെടുത്തിയ ഭാഗത്ത് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിൽ അർജ്ജുൻ ഓടിച്ച ലോറിയുടെ ബമ്പർ കണ്ടെത്തിയെന്നാണ് വിവരം.
ഇത് അർജുൻ ഓടിച്ച തന്റെ ലോറിയുടെ ബമ്പർ തന്നെയാണെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെത്തിയ ലോറിയുടെ ഭാഗം തിരിച്ചറിയാൻ അധികൃതർ വിളിച്ചിരുന്നു. നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയത്. പിറകുവശത്തെ ബമ്പറാണ് കണ്ടെത്തിയത്. തുടക്കംമുതലേ അവിടെ തിരയാൻ പറഞ്ഞിരുന്നു. പക്ഷേ, തിരയുന്നില്ലെങ്കിൽ നമ്മളെന്ത് ചെയ്യുമെന്നും മനാഫ് ചോദിച്ചു. ബമ്പറിന് പുറമേ ഒരു ബാഗും ലഭിച്ചിട്ടുണ്ട്. എന്നാൽ ബാഗ് അർജ്ജുന്റേതല്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ജൂലൈ 16ന് രാവിലെ 8.30-ഓടെയാണ് അങ്കോളയ്ക്ക് സമീപം ഷിരൂരിൽ കനത്ത മലയിടിച്ചിലുണ്ടായി കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായത്. പിന്നീട് തല തവണ അത്യാധുനിക സംവിധാനങ്ങളും മറ്റും ഉപയോഗിച്ച് തിരച്ചിൽ ദൗത്യം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പലതവണ നിർത്തിവെക്കേണ്ടി വരികയും പ്രതിസന്ധിയിലാകുകയുമായിരുന്നു. ആഗസ്ത് 17ന് അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
ഇന്നലെ തിരിച്ചിലിനിടെ, ഗംഗാവലി പുഴയിലെ മണ്ണിൽ പുതഞ്ഞ നിലയിൽ അസ്ഥി കണ്ടെത്തിയിരുന്നു. ഇത് മനുഷ്യ അസ്ഥിയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനായി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.