ബുദാപെസ്റ്റ് (ഹംഗറി): ലോക ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ബുദാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വര്‍ണ നേടിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആദ്യമായാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്. ഓപ്പണ്‍ വിഭാഗത്തില്‍ 11 റൗണ്ടില്‍ 21 പോയിന്റുമായാണ് ഇന്ത്യ ജേതാക്കളായത്. ശനിയാഴ്ച രാത്രി പത്താംറൗണ്ട് കഴിഞ്ഞപ്പോള്‍ത്തന്നെ ഇന്ത്യ കിരീടമുറപ്പിച്ചിരുന്നു. ഞായറാഴ്ച അവസാന റൗണ്ടില്‍ സ്ലൊവേനിയയെ തോല്‍പ്പിച്ചു (3.50.5). വനിതാ വിഭാഗത്തില്‍ അവസാന റൗണ്ടില്‍ അസര്‍ബെയ്ജാനെ കീഴടക്കി (3.50.5) 19 പോയിന്റുമായാണ് ഇന്ത്യ കിരീടം നേടിയത്.
വനിതാ വിഭാഗത്തില്‍ ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്മുഖ്, വന്തിക അഗര്‍വാള്‍, താനിയ സച്ച്ദേവ്, അഭിജിത്ത് കുന്തെ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്.ഹരിക, ദിവ്യ, വന്തിക എന്നിവര്‍ തങ്ങളുടെ എതിരാളികള്‍ക്കെതിരായ മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ വൈശാലി സമനില ഉറപ്പിച്ചു.
ഓപ്പണ്‍ വിഭാഗത്തില്‍ ഡി. ഗുകേഷിന്റെയും അര്‍ജുന്‍ എറിഗൈസിയുടെയും നിര്‍ണായക വിജയങ്ങളാണ് ഇന്ത്യയെ കിരീടത്തിലെത്തിച്ചത്. സ്ലൊവേനിയക്കെതിരായ മത്സരത്തില്‍ യാന്‍ സുബെല്‍ജിനെതിരെ അര്‍ജുന്‍ എറിഗൈസി വിജയിച്ചപ്പോള്‍ ഗുകേഷ് വ്‌ളാഡിമിര്‍ ഫെഡോസീവിനെ പരാജയപ്പെടുത്തി. അര്‍ജുന്റെ വിജയത്തിന് ശേഷം ഇന്ത്യക്ക് സ്വര്‍ണം ഉറപ്പിക്കാന്‍ ഒരു പോയിന്റ് മതിയായിരുന്നു, അത് ഗുകേഷ് നേടിത്തന്നു. ആര്‍. പ്രഗ്നാനന്ദ ആന്റണ്‍ ഡെംചെങ്കോയ്ക്കെതിരേ നേടിയ വിജയവും നിര്‍ണായകമായി.