ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം മൂന്നു പേർക്കായുളള ഷിരൂരിലെ തിരച്ചിൽ ദൗത്യം മതിയാക്കി ഉടുപ്പിയിലേക്ക് മടങ്ങുകയാണെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ.
താൻ കർണാടകയിലെ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് പോലീസ് തടയുകയാണെന്നും തിരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നുമാണ് ആവശ്യമെന്നും മാൽപെ പറഞ്ഞു. ഡ്രഡ്ജർ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നും ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ വരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
‘സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻ പോലും പണയം വെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ല. എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാനാവില്ല. തിരച്ചിലിന് ഒരു സൗകര്യവുമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും പറഞ്ഞു. അർജുന്റെ വീട്ടിൽപോയ സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ്. തിരച്ചിലിന്റെ അവസാനം വരെ ദൗത്യത്തിന്റെ ഭാഗമായിരിക്കുമെന്ന്. പക്ഷേ, എനിക്ക് ഇപ്പോൾ ആ വാക്ക് പാലിക്കാനായില്ല. അർജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണ്.
അതിനിടെ, മോശമായ ഫോൺ സംഭാഷണവും കേട്ടു. നീ വലിയ ഹീറോ ആകേണ്ടെന്നാണ് പറയുന്നത്. ഒരു പൈസപോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാനല്ല. ഏതായാലും ഞാൻ പോകുകയാണ്, ഹീറോ ആകാനില്ല, കൂടെപ്പിറപ്പുകൾക്കു വേണ്ടിയാണ് എന്നാലാവും വിധം ശ്രമിച്ചത്. തെറ്റിദ്ധരിച്ചതിൽ പ്രയാസമുണ്ടെന്നും വീട് വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് നാലു ദിവസമായെന്നും’ ഈശ്വർ മാൽപെ പ്രതികരിച്ചു.