റാഞ്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിക്ക് തോല്‍വി. മുംബൈയെ രണ്ടിനെതിരേ മൂന്ന് ഗോളിന് തകര്‍ത്തത് ജംഷേദ്പുര്‍ എഫ്.സിയാണ്. സീസണിലെ ജംഷേദ്പുരിന്റെ തുടര്‍ച്ചയായ രണ്ടാംജയമാണിത്. 18-ാം മിനിറ്റില്‍ മുംബൈ സിറ്റിയാണ് ആദ്യം ലീഡ് എടുത്തത്. നികോസ് കരേലിസ് നടത്തിയ പവര്‍ഫുള്‍ ഷോട്ട് ജംഷേദ്പുര്‍ വലയില്‍ കയറി . എന്നാല്‍ 18 മിനിറ്റുകള്‍ക്ക് ശേഷം ജംഷേദ്പുര്‍ തിരിച്ചടിച്ചു. ഓഫ്സൈഡ് ഏരിയയില്‍നിന്ന് മുംബൈ താരത്തെ കബളിപ്പിച്ച് ഇമ്രാന്‍ ഖാന്‍ നല്‍കിയ പാസ് ജോര്‍ദാന്‍ മുറെ മികച്ച ഒരു ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു (1-1).
44ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസ് ജംഷേദ്പുരിനെ മുന്നിലെത്തിച്ചു. ജംഷേദ്പുരിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഹെര്‍ണാണ്ടസ് നേരെ ഗോള്‍പോസ്റ്റിലേക്ക് അയക്കുകയായിരുന്നു. മല്‍സരത്തില്‍ മുംബൈയാണ് പന്ത് കൂടുതല്‍ കൈവശംവെച്ചതെങ്കിലും ഹോം സപ്പോര്‍ട്ട് ജംഷേദ്പൂരിന് അനുകൂലമായി.
രണ്ടാംപകുതി ആരംഭിച്ച് അഞ്ച് മിനിറ്റ് ആയപ്പോഴേക്ക് ജംഷേദ്പുരിന്റെ ആധിപത്യം വീണ്ടും കണ്ടു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഗോള്‍ നേടിയ ഹെര്‍ണാണ്ടസ് തന്നെയാണ് ഇത്തവണയും മുംബൈ പോസ്റ്റില്‍ നിറയൊഴിച്ചത്. സഹതാരത്തില്‍നിന്ന് ലഭിച്ച ക്രോസ് പോസ്റ്റിലേക്കുതിര്‍ത്ത് ഹെര്‍ണാണ്ടസ് തന്റെ രണ്ടാം ഗോള്‍ നേടി.
തുടര്‍ന്ന് നിരന്തര പ്രയത്നം നടത്തിയ മുംബൈ, 77-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. യോല്‍ വാന്‍ നീഫ് നടത്തിയ കിടിലനൊരു ഇടംകാല്‍ ഷൂട്ട് ജംഷേദ്പുര്‍ ഗോള്‍ക്കീപ്പര്‍ ആല്‍ബിനോ ഗോമസിന് ഒരവസരവും നല്‍കാതെ ബോക്സിന്റെ മൂലയില്‍ച്ചെന്ന് പതിച്ചു.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബും ഗോവയും സമനിലയില്‍ പിരിഞ്ഞു(1-1).