റിയാദ് – കാലിലുണ്ടായിരുന്ന മുറിവ് പഴുക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്തതോടെ സുഹൃത്തുക്കള്‍ ബത്ഹയില്‍ ഉപേക്ഷിച്ച പുനലൂര്‍ സ്വദേശിക്ക് റിയാദ് ഹെല്‍പ്‌ഡെസ്‌ക് കൂട്ടായ്മയുടെ സ്‌നേഹത്തലോടല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൂട്ടിനിരിക്കുകയും ഡിസ്ചാര്‍ജ് ചെയ്ത ശേഷം പരിചരിക്കുകയും ചെയ്ത കൂട്ടായ്മ പ്രവര്‍ത്തകര്‍ ഒടുവില്‍ ടിക്കറ്റെടുത്ത് അദ്ദേഹത്തെ നാട്ടിലേക്ക് അയക്കുകയും ചെയ്തു. മുസാഹ്മിയയില്‍ 25 വര്‍ഷമായി ജോലി ചെയ്തിരുന്ന പുനലൂര്‍ സ്വദേശി ലത്തീഫ് മസൂദിനാണ് ആരും തുണയില്ലാത്ത സമയത്ത് റിയാദ് ഹെല്‍പ്‌ഡെസ്‌ക് കൂട്ടായ്മയുടെ സ്‌നേഹത്തലോടല്‍ ലഭിച്ചത്.
ഒരു മാസം മുമ്പാണ് ബത്ഹയില്‍ ലത്തീഫിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രമേഹം മൂര്‍ഛിച്ചതിനാല്‍ കാലിലുണ്ടായിരുന്ന മുറിവ് പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ശിഫ അല്‍ജസീറ പോളിക്ലിനിക്കില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി. മുറിവില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമായതോടെ കാല് മുറിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഇന്‍ഷുറം ഇഖാമയുമില്ലാത്തതിനാല്‍ അഡ്മിഷന്‍ ലഭിച്ചില്ല. 22 വര്‍ഷമായി ഇഖാമ പുതുക്കിയിരുന്നില്ല. ഒടുവില്‍ ദീറാബിലെ അല്‍ഇമാം ആശുപത്രിയിലേക്ക് കൊണ്ടുപോയി. മലയാളി നഴ്‌സുമാരുടെ സഹായത്തോടെ അവിടെ അഡ്മിഷന്‍ കിട്ടി. കാല് മുറിച്ചുമാറ്റണമെന്നും ഇല്ലെങ്കില്‍ പഴുപ്പ് മറ്റു ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെ കാല് മുറിച്ചുമാറ്റി. 21 ദിവസത്തെ ചികിത്സക്ക് ശേഷം ഇദ്ദേഹത്തിന് ആരോഗ്യം വീണ്ടുകിട്ടി. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
31000 റിയാലായിരുന്നു ആശുപത്രിയില്‍ നല്‍കേണ്ടിയിരുന്നത്. മാനേജ്‌മെന്റുമായി സംസാരിച്ച് ഒടുവില്‍ പതിനായിരം റിയാലാക്കി കുറച്ചുതന്നു. പിന്നീട് റൂമിലേക്ക് കൊണ്ടുവന്ന് പ്രാഥമിക കര്‍മങ്ങള്‍ക്കും മരുന്ന് നല്‍കുന്നതിനും മറ്റും ഹെല്‍പ് ഡെസ്‌ക് സാമൂഹിക പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സഹായിച്ചു.
അതിനിടെ ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതിന് രണ്ട് പ്രാവശ്യം തര്‍ഹീലില്‍ കൊണ്ടുപോയി. നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പേരില്‍ ഇദ്ദേഹം 20 ദിവസം ജയിലില്‍ കിടന്നിരുന്നു. അത് കാരണം അദ്ദേഹത്തിന്റെ വലത് കാലിന് ശേഷിക്കുറവുമുണ്ട്. കേസുകളും മറ്റും തീര്‍ത്ത് തര്‍ഹീലില്‍ നിന്ന് എക്‌സിറ്റ് ലഭിച്ചു. ഇന്നത്തെ സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് അദ്ദേഹത്തെ കൊച്ചിയിലേക്ക് അയച്ചത്. അവിടെ ബന്ധുക്കള്‍ സ്വീകരിച്ചു.