മലപ്പുറം: ‘അൻവർ കോൺഗ്രസിൽനിന്നും വന്നയാൾ’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പി.വി അൻവർ എം.എൽ.എ. താൻ മാത്രമല്ല, ഇ.എം.എസും പഴയ കോൺഗ്രസുകാരനായിരുന്നുവെന്നാണ് അൻവർ തിരിച്ചടിച്ചത്.
അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോൺഗ്രസിൽ നിന്നാണ് വന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു അൻവർ ഇങ്ങനെ പ്രതികരിച്ചത്.
‘മുഖ്യമന്ത്രി പറഞ്ഞത് തീർത്തും ശരിയാണ്. അതിൽ തർക്കിക്കേണ്ടതില്ല. ഞാൻ കോൺഗ്രസിൽനിന്നു തന്നെയാണ് വന്നത്. ഇ.എം.എസ് ആരായിരുന്നു? അദ്ദേഹവും പഴയ കോൺഗ്രസുകാരനായിരുന്നുവെന്നായിരുന്നു’ അൻവറിന്റെ ഓർമപ്പെടുത്തൽ.
മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞ പലതും എ.ഡി.ജി.പി എം.ആർ അജിത്ത്കുമാറിന്റെ അതേ വാദങ്ങളാണ്. താൻ ആരോപണവുമായി രംഗത്തുവന്നപ്പോൾ സ്വർണക്കള്ളക്കടത്തുകാർക്കു വേണ്ടിയെന്നാണ് എ.ഡി.ജി.പി പ്രസ്താവനയിറക്കിയിരുന്നത്. നിങ്ങൾ മാധ്യമങ്ങൾക്ക് അറിയാമല്ലോ. എ.ഡി.ജി.പിയും ശശിയും മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണം.
പി ശശിയുടെ പ്രവർത്തനം മാതൃകാപരമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തനിക്കില്ല. തന്റെ വീട്ടിലെ കാര്യങ്ങളല്ല പി ശശിയോട് ആവശ്യപ്പെട്ടത്. ഷാജൻ സ്‌കറിയയുടെ അടുത്തുനിന്ന് പണം കൈക്കൂലി വാങ്ങി ജാമ്യം വാങ്ങി നൽകിയത് പി ശശിയും എ.ഡി.ജി.പിയുമാണ്.
ശശിക്കെതിരേ ഇതുവരെ ഞാൻ രാഷ്ട്രീയ ആരോപണം മാത്രമാണ് ഉയർത്തിയത്. എന്നാൽ ഇപ്പോൾ പറയുന്നു, പി ശശി സ്വർണക്കള്ളക്കടത്ത് സംഘത്തിൽനിന്ന് പങ്ക് പറ്റുന്നുവെന്ന് സംശയമുണ്ട്. ശശിയെക്കുറിച്ച് കണ്ണൂരിൽനിന്ന് വന്ന ആളുകൾ തന്നോട് പറഞ്ഞത് വളരെ സങ്കടകരമായ കാര്യങ്ങളാണ്. രക്തസാക്ഷി കുടുംബത്തിൽനിന്നുള്ള മെസേജ് അടക്കം ഞാൻ പറയുന്നില്ല. ശശി എങ്ങനെയാണ് ഇ.കെ നായനാരുടെ പൊളിട്ടിക്കൽ സെക്രട്ടറി ആയിരിക്കുമ്പോൾ രാജിവെക്കേണ്ടി വന്നതെന്നും അൻവർ ചോദിച്ചു.
ചെറ്റത്തരമെന്ന് പറഞ്ഞു തന്നെയാണ് ഞാൻ ഫോൺ ചോർത്തൽ പുറത്തുവിട്ടത്. എന്നാലത് ജനനന്മ ലക്ഷ്യമിട്ട് നിവൃത്തിയില്ലാതെ ചെയ്തതാണ്. സമൂഹത്തെ ബോധ്യപ്പെടുത്താനാണത് ചെയ്തത്. പോലീസിലെ മനോവീര്യം തകരുന്നവർ അതിലെ കുറച്ച് ക്രിമിനലുകൾക്കാണ്. അല്ലാതെ നല്ല ഉദ്യോഗസ്ഥർക്കല്ല. മരം മുറിച്ച സംഭവത്തിലെ അന്വേഷണത്തെ എന്തിന് പോലീസുകാരൻ ഭയക്കണം? അയാൾ കാലുപിടിത്തം തുടർന്നു, അതിനർത്ഥം അദ്ദേഹം കള്ളത്തരം ചെയ്തുവെന്നാണ്. സുജിത് ദാസ് കള്ളത്തരം ചെയ്തില്ലെങ്കിൽ എന്തിനാണ് കാലുപിടിച്ചത്? ഓഡിയോ പുറത്തുവിട്ടില്ലായിരുന്നുവെങ്കിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ അസ്ഥാനത്താകുമായിരുന്നു. ഈ ഫോൺ റെക്കോർഡിംഗ് കൂടി ഇല്ലായിരുന്നുവെങ്കിൽ ഈ കേസ് എങ്ങനെ തിരിയുമായിരുന്നു. അതാണിപ്പോൾ മുഖ്യമന്ത്രിക്കു പോലും മനസ്സിലാവാതെ പോവുന്നത്. മുഖ്യമന്ത്രി നിലപാട് പുനപ്പരിശോധിക്കണം.
സ്വർണക്കടത്ത് പ്രതികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതും തെറ്റിദ്ധാരണ മൂലമാണ്. പോലീസ് കൊടുത്ത റിപോർട്ട് വിശ്വസിച്ചാണ് പാവം മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ഒന്നുമില്ലെങ്കിൽ മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ തട്ടാന്റെ വിവരങ്ങൾ പരിശോധിക്കണം. അവിടെ വച്ചാണ് സുജിത് ദാസും കൂട്ടരും സ്വർണം ഉരുക്കിയിരുന്നത്. ഞാൻ തെളിവ് കൊടുക്കാൻ തയ്യാറായെങ്കിലും എ.ഡി.ജി.പിയെ മാറ്റാത്തതുകൊണ്ട് മൊഴി നൽകാൻ കാരിയേഴ്‌സ് തയ്യാറാകുന്നില്ലെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നടപടികൾ ഒന്നുകൂടി പഠിക്കണം. സ്വർണം പിടിച്ചാൽ പോലീസ് എന്താണ് ചെയ്യേണ്ടത്? പോലീസ് സ്വർണം പിടിക്കുന്നത് വിമാനത്താവളത്തിന് പുറത്തുവച്ചാണ്. നിയമം അനുസരിച്ച് ഉടൻ തന്നെ പോലീസ് അത് കസ്റ്റംസിനെ അറിയിക്കണം. ഒരു കേസിലും പോലീസ് വിവരം കൈമാറുന്നില്ല, ഇനി അക്കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കട്ടെ.
മുഖ്യമന്ത്രി പോലീസ് റിപോർട്ടിനെ മാത്രം വിശ്വസിച്ചു. പുറത്തുവച്ച് പിടിക്കുന്ന സ്വർണത്തെക്കുറിച്ച് എന്തുകൊണ്ട് പോലീസ് കസ്റ്റംസിനെ അറിയിക്കുന്നില്ല? പോലീസ് പിടിച്ച സ്വർണക്കടത്തുകേസുകൾ ഒന്നുപോലും കോടതിയിൽ നിൽക്കില്ല. പ്രതികളെ കസ്റ്റംസ് ആണ് പിടിക്കുന്നതെങ്കിൽ ശിക്ഷ കിട്ടും. കസ്റ്റംസ് കേസ് വാലിഡ് ആണ്. അത് ചെയ്യാതെ പ്രതികളെ കസ്റ്റഡിയിൽ വച്ച്, പിടികൂടിയ സ്വർണത്തിന്റെ പങ്ക് ഉരുക്കി എടുക്കുകയാണ് പോലീസെന്നും അൻവർ ആരോപിച്ചു.
പോലീസിന് എന്തും പിടികൂടാം. പക്ഷേ, അത് ബന്ധപ്പെട്ട വകുപ്പിന് കൈമാറണം. സ്വർണം പിടിക്കുന്നതിൽ മാത്രം അത് നടക്കുന്നില്ല. സ്വർണക്കള്ളക്കടത്ത് തെളിയിക്കാൻ സ്വർണം പിടികൂടിയവരെ തന്നെ കൊണ്ടുവന്ന് മുഴുവൻ കേസുകളും പുനരന്വേഷിക്കണം. സ്വർണം പിടിച്ചതിന് ശേഷം അവർ എന്തുചെയ്തുവെന്ന് പരിശോധിക്കണം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്വർണക്കടത്തുകാരെ കുറിച്ച് വിവരങ്ങൾ നൽകിയാൽ 20 ശതമാനം കമ്മീഷൻ ലഭിക്കും. എന്നാൽ പോലീസ് ഇതുവരെ അത് കൈപ്പറ്റിയിട്ടില്ല. എന്താണതിന് പിന്നിൽ? അറിയില്ലെങ്കിൽ പഠിക്കണം കാര്യങ്ങൾ.
പോലീസുകാരുടെ മനോവീര്യം തകർക്കരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞാൻ ഉന്നയിച്ച വിഷയം കേരളത്തിലെ ഒരു ചെറിയ ശതമാനം പോലീസുകാരുടെ കാര്യം മാത്രമാണ്. പോലീസ് സേനയെ മൊത്തത്തിൽ അടച്ചാക്ഷേപിച്ചിട്ടില്ല. രാജ്യത്തിനാകെ മാതൃകയാണ് നമ്മുടെ പോലീസ്. സത്യസന്ധരായ പോലീസുകാർക്കിടയിലെ ക്രിമിനലുകളാണ് മനോവീര്യം തകർക്കുന്നത്. സേനയ്ക്കുള്ളിലെ പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരും.
മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോൾ തന്നെക്കുറിച്ചുള്ള നിലപാട് മാറുമെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു. മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാനും ഞാനില്ല. തന്നെ ചവിട്ടിപ്പുറത്താക്കിയാലും താൻ പോരാടുമെന്നും പുറത്താക്കിയാൽ അപ്പോൾ വേറെ വഴി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷമിക്കുന്നവർക്കാണ് വിജയമെന്ന് ബൈബിളിലുണ്ട്. ഞാൻ ക്ഷമിക്കാൻ തയ്യാറാണ്. വിജയമുണ്ടാവും. താൻ തീയിൽനിന്ന് കുരുത്തതാണ്, വാടില്ല. തന്നെ ഒരു ചുക്കും ആരും ചെയ്യില്ല. വിലകുറഞ്ഞ വേലകളൊന്നും നമ്മളെ അടുത്ത് വേണ്ടെന്നും താൻ ആനപ്പുറത്താണെന്ന് ആരും കരുതേണ്ടതില്ലെന്നും കാത്തിരുന്നു കാണാമെന്നും അൻവർ ചൂണ്ടിക്കാട്ടി.