ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. 514 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റിന് 287 എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും അനായാസം സെഞ്ചുറികളിലൂടെ, ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യക്കായി.
അഞ്ചാം ടെസ്റ്റ് സെഞ്ചുറി നേടിയ ഗില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ബൗണ്ടറികളും നാലു സിക്‌സറുകളും താരം നേടി. അതേസമയം, ആറാം ടെസ്റ്റ് സെഞ്ചുറി നേടിയ ഋഷഭ് പന്ത് തന്റെ മടങ്ങിവരവ് ഗംഭീരമാക്കി. 13 ബൗണ്ടറികളും നാലു സിക്സറുമുള്‍പ്പെടെയാണ് പന്തിന്റെ 109 റണ്‍സ് പ്രകടനം. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 167 റണ്‍സിന്റെ കൂട്ടുകെട്ട് കൂറ്റന്‍ സ്‌കോര്‍ ടീമിനു സമ്മാനിച്ചു.
ബംഗ്ലാദേശിനായി മെഹിദി ഹസന്‍ മിറാസ് രണ്ടു വിക്കറ്റ് വീഴ്ത്തി. തസ്‌കിന്‍ അഹമ്മദ്, നഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സാക്ഷിയായത്. ജസ്പ്രീത് ബുംറ നാലു വിക്കറ്റ് നേടി ബൗളിങ് ആക്രമണത്തിനു നേതൃത്വം നല്‍കി. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവിന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതം നേടി.
മറുപടി ബാറ്റിങില്‍ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ന് കളി നിര്‍ത്തുമ്പോള്‍ നജ്മുല്‍ ഹുസൈന്‍ പുറത്താവാതെ 51 റണ്‍സെടുത്തിട്ടുണ്ട്.
അഞ്ച് റണ്‍സെടുത്ത് ഷാക്കിബുള്‍ ഹസ്സനും ക്രീസില്‍ ഉണ്ട്. നേരത്തെ 33 റണ്‍സെടുത്ത് സാക്കിര്‍ ഇസ്ലാമും 35 റണ്‍സെടുത്ത് ഷാദ്മന്‍ ഇസ്ലാമും മികച്ച തുടക്കം നല്‍കിയിരുന്നു. രണ്ട് ദിവസവും ആറ് വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശിന് ജയിക്കാന്‍ 357 റണ്‍സ് വേണം. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും സിറാജ് ഒരു വിക്കറ്റും നേടി.