ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് 308 റണ്‍സിന്റെ ലീഡ്.
227 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ, രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 23 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ്. ശുഭ്മന്‍ ഗില്‍ (64 പന്തില്‍ 33), ഋഷഭ് പന്ത് (13 പന്തില്‍ 12) എന്നിവരാണ് ക്രീസില്‍.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (17 പന്തില്‍ 10), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ഏഴു പന്തില്‍ അഞ്ച്), വിരാട് കോലി (37 പന്തില്‍ 17) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.നേരത്തേ, ബംഗ്ലദേശ് താരങ്ങള്‍ ഒന്നാം ഇന്നിങ്‌സില്‍ 47.1 ഓവറില്‍ 149 റണ്‍സിന് എല്ലാവരും പുറത്തായി. 64 പന്തില്‍ അഞ്ച് ഫോറുകളോടെ 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 11 ഓവറില്‍ 50 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 10.1 ഓവറില്‍ 30 റണ്‍സ് വഴങ്ങിയും ആകാശ് ദീപ് അഞ്ച് ഓവറില്‍ 19 റണ്‍സ് വഴങ്ങിയും രവീന്ദ്ര ജഡേജ എട്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
40 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലദേശിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ആകാശ് ദീപ് സാക്കിര്‍ ഹസനെയും മൊമീനുള്‍ ഹഖിനെയും ബോള്‍ഡാക്കുകയായിരുന്നു. ഓപ്പണര്‍ ശദ്മന്‍ ഇസ്‌ലാം ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ബോള്‍ഡായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആറിന് 339 റണ്‍സെന്ന നിലയില്‍ വെള്ളിയാഴ്ച ബാറ്റിങ് തുടങ്ങിയ ഇന്ത്യ 37 റണ്‍സാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. 133 പന്തുകള്‍ നേരിട്ട അശ്വിന്‍ 113 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചറി നഷ്ടമായി. 86 റണ്‍സെടുത്ത താരത്തെ ടസ്‌കിന്‍ അഹമ്മദാണു പുറത്താക്കിയത്. ആകാശ് ദീപ് (30 പന്തില്‍ 17), ജസ്പ്രീത് ബുമ്ര (ഒന്‍പതു പന്തില്‍ ഏഴ്) എന്നിവരാണു വെള്ളിയാഴ്ച പുറത്തായ മറ്റു ബാറ്റര്‍മാര്‍.