കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽനിന്ന് ഉപ്പിലിട്ട മാങ്ങ തിന്ന ഒമ്പതുകാരിക്ക് ദേഹാസ്വാസ്ഥ്യം. കൊടുവള്ളിക്കടുത്ത എളേറ്റിൽ വട്ടോളി പന്നൂർ വിളക്കലപറമ്പത്ത് മുഹമ്മദ് അഷ്‌റഫിന്റെ മകൾ ഫാത്തിമയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ബീച്ചിൽനിന്ന് മാങ്ങ കഴിച്ച ഉടനെ ചുണ്ടിന്റെ നിറം വെള്ള കളറാവുകയായിരുന്നു. പിന്നാലെ തലവേദനയുമുണ്ടായി. ശേഷം കുട്ടിയുടെ കൈവെള്ളയും വെളുത്ത നിറത്തിലായി. വീട്ടിലെത്തി പിറ്റേന്ന് രാവിലെ ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതോടെ കുട്ടിയെ ആദ്യം എളേറ്റിൽ വട്ടോളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും ശേഷം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി പിതാവ് മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം തട്ടുകടയിൽ പരിശോധന നടത്തി ബുധനാഴ്ച കട അടപ്പിച്ചെങ്കിലും വ്യാഴാഴ്ച വീണ്ടും കട തുറക്കുകയായിരുന്നു. പിന്നാലെ കോർപ്പറേഷൻ അധികൃതരെത്തി വീണ്ടും കട അടപ്പിച്ചു. ഭക്ഷ്യസുരക്ഷ അധികൃതരും കടയിലെത്തി വിഭവങ്ങൾ പരിശോധിച്ച് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. റിപോർട്ട് ലഭിക്കും വരെ കട തുറക്കാൻ പാടില്ലെന്നും പിഴ ഈടാക്കുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി.
തട്ടുകട നടത്തിയത് യഥാർത്ഥ ലൈസൻസി അല്ലെന്നും ഇതര സംസ്ഥാന തൊഴിലാളിയാണെന്നും അന്വേഷണത്തിൽ ബോധ്യമായതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഭക്ഷ്യ വസ്തുക്കൾ ഉപ്പിലിടാൻ ഉപയോഗിച്ച ലായനിയിലെ ഗാഢത കൂടിയതോ മായം കലർത്തിയതോ ആകാം ആരോഗ്യ പ്രശ്‌നത്തിന് കാരണമായതെന്നും ആരോഗ്യ വകുപ്പ് കരുതുന്നു.
ചെറിയ കുട്ടികളും സ്ത്രീകളുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിവസവും കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ എത്തുന്നത്. ഉപ്പിലിട്ടതും വറുത്തതും കരിച്ചതും പുരട്ടിയതും മുറിച്ചു വെച്ചതുമായ തട്ടുകടകളിലെ വിവിധ തരം ഭക്ഷ്യ വിഭവങ്ങളാണ് എല്ലാവരും ധാരാളമായി കഴിക്കുന്നത്.
കോർപ്പറേഷൻ അധികൃതരുടെ ചില മിന്നൽ പരിശോധനകൾ വല്ലപ്പോഴും നടക്കുന്നതൊഴിച്ചാൽ കൃത്യമായ പരിശോധനകളും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പലരും പലതും തയ്യാറാക്കുന്നത്. ഇത് പൊതുസമൂഹത്തിന്റെ ആരോഗ്യത്തിന് കടുത്ത ഭീഷണിയാണുയർത്തുക. എന്തെങ്കിലും പരാതികൾ ഉണ്ടാകുമ്പോൾ കുറച്ചുനാൾ നിരീക്ഷണം ഉണ്ടാകുമെങ്കിലും സ്ഥായിയായൊരു സംവിധാനവും കർക്കശമായ നടപടികളും ഉണ്ടാകണമെന്നാണ് സന്ദർശകരുടെ അഭിപ്രായം. തട്ടുകടക്കാരുടെയും മറ്റും തൊഴിൽ പ്രശ്‌നത്തിനപ്പുറം അവർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇതിനിടയിലെ തട്ടിപ്പുകാരെ തുറന്നുകാട്ടാനും നല്ല നിലയ്ക്ക് കച്ചവടം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാനും സാധിക്കണമെന്നും ഇവർ പറയുന്നു.