ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടോപ് സ്‌കോററായി ബെംഗൂളൂരിവന്റെ സൂപ്പര്‍ താരവും ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരവുമായ സുനില്‍ ഛേത്രി. ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് സുനില്‍ ഛേത്രിയുടെ റെക്കോഡ് നേട്ടം. നിലവില്‍ ഈ റെക്കോഡ് ഹൈദരാബാദിന്റെ ബര്‍ത്തലോമിയോ ഒഗ്ബഷെയുടെ പേരിലാണ്. ഇന്ന് ഇരട്ട ഗോള്‍ നേടിയതോടെ ഛേത്രി ഒഗ്ബഷെയുടെ റെക്കോഡിനൊപ്പമെത്തുകയായിരുന്നു. മല്‍സരത്തില്‍ ബെംഗളൂരു എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. ലീഗിലെ ബെംഗളൂരൂവിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്.
മത്സരത്തിന്റെ അഞ്ചാംമിനിറ്റില്‍ത്തന്നെ ബെംഗളൂരു എഫ്.സി. മുന്നിലെത്തി. ക്യാപ്റ്റന്‍ രാഹുല്‍ ഭേക്കെ മികച്ച ഒരു വോളിയിലൂടെ ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും പന്ത് കൈവശംവെച്ചത് ബെംഗളൂരുവാണ്. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഹൈദരാബാദിന് അത് മുതലാക്കാനായില്ല. രണ്ടാംപകുതിയിലെ 59-ാം മനിറ്റില്‍ ബെംഗളൂരു ചിംഗ്ലെന്‍സനയ്ക്ക് പകരം സുനില്‍ ഛേത്രിയെ ഇറക്കിയതോടെ കളിയുടെ സ്വഭാവം കടുത്തു. 85-ാം മിനിറ്റില്‍ സുനില്‍ ഛേത്രി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടി. ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. രണ്ട് ഗോള്‍ വീണതോടെ ഹൈദരാബാദിന്റെ മത്സരത്തിലേക്ക് തിരിച്ചുവരവിനുള്ള സാധ്യത മങ്ങി.
ഇന്‍ജുറി ടൈമിലെ നാലാം മിനിറ്റില്‍ ഛേത്രി വീണ്ടും സ്‌കോര്‍ ചെയ്തു. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളിന് ബെംഗളൂരു ജയിച്ചു. ഒഗ്ബച്ചെയും ഛേത്രിയും ലീഗില്‍ 63 ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്തു. 157 മത്സരങ്ങളിലാണ് ഛേത്രി ഇത്രയും ഗോളുകള്‍ നേടിയത്.98 മല്‍സരങ്ങളില്‍ നിന്നാണ് ഒഗ്ബഷെ ഇത്രയും ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ബെംഗളൂരു ഈസ്റ്റ് ബംഗാളിനെയാണ് തകര്‍ത്തിരുന്നത്. ബുധനാഴ്ച പഞ്ചാബ് എഫ്.സി.ക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.