തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് കൊല്ലത്തിന്റെ കിരീട നേട്ടം. കാലിക്കറ്റ് ഉയര്‍ത്തിയ 214 റണ്‍സെന്ന വമ്പന്‍ ലക്ഷ്യം കൊല്ലം പിന്തുടരുകയായിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സെഞ്ചുറിയുമായി മുന്നില്‍നിന്നു നയിച്ചു. 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം വിജയ റണ്‍സ് കുറിച്ചത്. 54 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 105 റണ്‍സുമായി പുറത്താകാതെനിന്നു. സച്ചിന്‍ ബേബിയാണ് കളിയിലെ താരം.
കൊല്ലം 19.1 ഓവറില്‍ നാലിന് 214. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച കൊല്ലം ഫൈനലിലും അതേ ആധിപത്യം തുടരുകയായിരുന്നു. കൊല്ലത്തിന്റെ മറുപടി ബാറ്റിങ്ങില്‍ സ്‌കോര്‍ 29 ല്‍ നില്‍ക്കെ അരുണ്‍ പൗലോസിനെ അഖില്‍ ദേവ് പുറത്താക്കി. ഓപ്പണര്‍ അഭിഷേക് നായര്‍ 16 പന്തില്‍ 25 റണ്‍സെടുത്തു മടങ്ങി. വത്സല്‍ ഗോവിന്ദിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കൊല്ലം സ്‌കോര്‍ ഉയര്‍ത്തി. 27 പന്തില്‍ 45 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദിനെ അഖില്‍ സ്‌കറിയയുടെ പന്തില്‍ രോഹന്‍ കുന്നുമ്മല്‍ ക്യാച്ചെടുത്തു പുറത്താക്കി.പിന്നാലെയെത്തിയ ഷറഫുദ്ദീനും അതിവേഗം മടങ്ങി. സച്ചിന്‍ ബേബിയുടെ വെടിക്കെട്ട് ബാറ്റിങ് കൊല്ലത്തിനു തുണയായി. അവസാന 12 പന്തില്‍ 15 റണ്‍സായിരുന്നു കൊല്ലത്തിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. അഖില്‍ സ്‌കറിയ എറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തി രാഹുല്‍ ശര്‍മ കൊല്ലത്തിന്റെ വിജയപ്രതീക്ഷ നിലനിര്‍ത്തി. ഇതേ ഓവറില്‍ സച്ചിന്‍ ബേബി സെഞ്ചുറിയിലെത്തി. അവസാന ആറു പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു കൊല്ലത്തിന് ആവശ്യം. 20ാം ഓവറിലെ ആദ്യ പന്ത് വൈഡ് പോയപ്പോള്‍, അടുത്ത പന്ത് ബൗണ്ടറി കടത്തിയ സച്ചിന്‍ ബേബി കൊല്ലത്തിന്റെ വിജയമുറപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് പത്ത് റണ്‍സെടുത്ത ഓപ്പണര്‍ ഒമര്‍ അബൂബക്കറിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മലും അഖില്‍ സ്‌കറിയയും ചേര്‍ന്നതോടെ കാലിക്കറ്റ് സ്‌കോര്‍ കുതിച്ചുയര്‍ന്നു. 26 പന്തുകള്‍ നേരിട്ട രോഹന്‍ 51 റണ്‍സെടുത്തു പുറത്തായി. 30 പന്തുകളില്‍നിന്ന് അഖില്‍ നേടിയത് 50 റണ്‍സ്.
രോഹന്റെ പുറത്താകലിനു പിന്നാലെയെത്തിയ എം. അജിനാസും അര്‍ധസെഞ്ചുറി തികച്ചു. 24 പന്തില്‍ താരം അടിച്ചെടുത്തത് 56 റണ്‍സ്. നാലു സിക്‌സുകളാണ് അജിനാസ് ബൗണ്ടറി കടത്തിയത്. സല്‍മാന്‍ നിസാര്‍ 24 റണ്‍സെടുത്തു പുറത്തായി. ഏഴു പന്തില്‍ 13 റണ്‍സുമായി പള്ളം അന്‍ഫല്‍ പുറത്താകാതെനിന്നു. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ കാലിക്കറ്റ് നേടിയത് 213 റണ്‍സായിരുന്നു. കൊല്ലത്തിനായി സുദേശന്‍ മിഥുന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. പവന്‍ രാജും ബേസില്‍ എന്‍പിയും ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
സ്‌കോര്‍: കാലിക്കറ്റ് 20 ഓവറില്‍ ആറിന് 213 റണ്‍സ്.