ആലപ്പുഴ: കേരളത്തിന്റെ തീരാ നോവായി മാറിയ വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിന് കേന്ദ്ര സഹായം ലഭിക്കാത്തത് ചോദിച്ചപ്പോൾ ‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ’വെന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് സംഭവസ്ഥലം സന്ദർശിച്ച് ഒരുമാസം പിന്നിട്ടിട്ടും വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നത് എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം കേന്ദ്രമന്ത്രിക്ക് ഇഷ്ടമായില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. മാധ്യമപ്രവർത്തകർ വിഷയത്തിന്റെ ഗൗരവം ചോരാതെ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ‘നിങ്ങൾ, നിങ്ങളുടെ മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ, മുഖ്യമന്ത്രിക്ക് അതിന്റെ കാര്യങ്ങൾ അറിയാമെന്നായിരുന്നു’ സുരേഷ് ഗോപിയുടെ മറുപടി.
വീണ്ടും മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളുണ്ടായപ്പോൾ ‘നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇത് തീരെ ഇഷ്ടമല്ലെന്നായിരുന്നു’- കേന്ദ്രമന്ത്രിയുടെ മറുപടി.
നേരത്തെ, വയനാട്ടിലെ ദുരന്തമേഖല സുരേഷ് ഗോപിയും സന്ദർശിച്ചിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ അങ്ങനെ പ്രഖ്യാപിക്കാൻ നടപടിക്രമങ്ങളുണ്ടെന്നും ഇപ്പോൾ കരുതൽ കരുണയാണ് വേണ്ടതെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ശേഷം, പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തോടെ കേരളത്തിന്റെ ആവശ്യത്തോട് വളരെ പോസിറ്റീവായ ഒരു പ്രഖ്യാപനം പൊതുവെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മറ്റു പല പ്രഖ്യാപനങ്ങളും മോഡി നടത്തിയെങ്കിലും കേരളത്തിനുള്ള വയനാട് സഹായം എന്താകുമെന്ന് പറയാൻ ഇതുവരെയും മനസ്സ് തുറന്നിട്ടില്ല. ഇക്കാര്യത്തിലടക്കം വീണ്ടും കേന്ദ്രത്തിന്റെ ശ്രദ്ധ പതിപ്പിക്കാനായി കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഡൽഹിയിലെത്തി നേരിട്ടു കണ്ടിരുന്നു.
വയനാട് ദുരന്തത്തിൽ ഇരകളായവർക്കുള്ള കേന്ദ്ര സഹായവും പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെങ്കിലും സഹായം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും കേന്ദ്രം മുഖം തിരിച്ചത് ഏറെ വിമർശന വിധേയമായിരുന്നു.